പി.ടി. കുഞ്ഞാലി
  >> ആനപ്പൂക്കാലം
>>
ആനപ്പൂക്കാലം
  ഭാരതീയ ജീവിതത്തില്‍ എവിടെയാണ് ആന അടയാളപ്പെടുന്നത്. പുണ്യപുരാണങ്ങളിലൊക്കെ ആന നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നു. ഭാരതയുദ്ധങ്ങളില്‍ വ്യൂഹം ചമച്ചു നില്‍ക്കുന്ന അഷൌഹിണികള്‍ തലയെടുപ്പോടെ നമുക്ക് കളിക്ക് ആനയെ കാണാം. സൌഗന്്ധികം തേടിപോകുന്ന ഭീമന്‍ മാനസസരസ്സില്‍ തുടിച്ചു കുളിക്കുന്ന ഐരാവതത്തെ കാണുന്നുണ്‍ട്. മുലാധാരത്തില്‍ വിഘ്നപ്പെട്ടു പോകാനിടയുള്ള ഈശ്വരീയ ചൈതന്യത്തെ തുയിലുണര്‍ത്തണമെങ്കില്‍ ക്ഷിപ്രപ്രസാദിയായ ഗണപതിയെ പ്രണയിക്കേണ്‍ടതുണ്‍ട്. ഇവിടെയാണ് ഗണപതി വദനാമുഖിയായ ഗജരാജന്‍ വിഘ്നേശ്വരനായെത്തുന്നത്. അതുകൊണ്‍ടാണ് അമ്പലനടയിലും, ക്ഷേത്രസന്നിധാനങ്ങളിലും ആന നടയിരുത്തപ്പെടുന്നത്. പൂരത്തിനും ഉല്‍സവത്തിനും മുത്തുക്കുടയും വെണ്‍ചാമരവും നിരന്നൊഴുകുന്ന മറ്റു ആത്മീയ എഴുന്നള്ളത്തിനും നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീര•ാരെ മുന്നില്‍ നടത്തുന്നത് മഹാവനങ്ങളില്‍ മസ്തകം തുള്ളിച്ച് പുളച്ചു നടക്കുന്ന ഈ അതികായനെ വാരിക്കുഴി വെട്ടി ചതിച്ചു പിടിച്ച് ചട്ടം പഠിപ്പിച്ച് തോട്ടിത്തലപ്പില്‍ വിനീത വിധേയനാക്കുന്നു. ആന ശരാശരി മലയാളിക്ക് ഗൃഹാതുരത നല്‍കുന്ന ഓര്‍മപ്പെരുക്കങ്ങളാണ്. എത്ര ആനക്കഥകളും ആനക്കലഹ കഥകളുമാണ് നാം കേട്ടുറങ്ങിയത്. ചേന്ദമംഗല്ലൂരിനും ഒരു ആനക്കാലമുണ്‍ടായിരുന്നു.

കിഴക്കന്‍ മലയിലെ വന്‍ചോല മരങ്ങള്‍ മുറിച്ചു മുടിച്ച കാലം. കാട്ടുമരങ്ങളുടെ മയ്യത്ത് ചാലിയാറിലൂടെ അഴിമുഖങ്ങളില്‍ അടിഞ്ഞുകൂടി. കല്ലായി ലോകത്തിലെ രണ്ടാമത്തെ മരവ്യവസായ കേന്ദ്രമായി അറുത്തു തള്ളിയ വന്‍മരങ്ങളുടെ പപ്പും പൂടയും പറിച്ചു മാറ്റണം. കല്‍മേടുകള്‍ക്കിടയില്‍ നിന്നും മരത്തടിപ്പറ്റങ്ങള്‍ സമനിരപ്പിലേക്കെത്തണം. ഈ ജോലിയാണ് ആനക്കും പാപ്പാനുമുള്ളത്. മരപ്പണിക്ക് എടുപ്പും മെനയുമുള്ള ആന വേണം. കമ്പക്കയറിലൊരു പിടി പിടിച്ചാല്‍ എത്ര കാമ്പുള്ള മരത്തടിയും ശരവേഗത്തില്‍ ലക്ഷ്യം കാണും. ഇതു രണ്ടുമൊത്ത ആനക്കാര്‍ക്ക് അന്ന് ചാകരക്കാലം.
പാലത്തു മണ്ണില്‍ ഉണ്ണിക്കമ്മുഹാജി അന്ന് തിരക്കൊഴിയാത്ത മരക്കച്ചവടക്കാരന്‍. അപൂര്‍വമായി മാത്രം നാട്ടില്‍ വന്ന് പോകുന്ന പ്രമാണി. ദൂരെ കിഴക്കന്‍ മലയില്‍ കൂപ്പും കച്ചവടവും. ഒരേ സമയത്ത് പത്തും അമ്പതും മരംവെട്ടുകാര്‍. ആനയും, ലോറിയും, എലന്തയും, ഊട്ടും, ഊട്ടുപുരയും, അളവും, കണക്കും, ബഹളം ജോര്‍. ഇതിനിടയിലും ഒരുപാടായി ഒത്ത ഒരാനക്കാരനെ അന്വേഷിക്കുന്നു. ആ അന്വേഷണം ചെന്നെത്തിയത് കുറ്റ്യാടിയിലെ തുര്‍ക്കി അയമ്മദ് മകന്‍ തുര്‍ക്കി അസ്സയിനാരില്‍. ഒത്ത ആനക്കാരന്‍. ഒരേ സമയം രണ്ട‍ാനകളുടെ ഒന്നാം പാപ്പന്‍. പാപ്പാന്‍ ലോകത്ത് ഇത് ഒരു അപൂര്‍വ ബഹുമതി. അസ്സയിനാരുടെ വാപ്പ അയമ്മദും പാപ്പാന്‍. ആന ശാസ്ത്രത്തില്‍ കേമന്‍. ആനപ്പുറത്തേക്ക് കയറുകയല്ല അയമ്മതിന്റെ രീതി. നിന്ന നില്‍പ്പില്‍ ഒരു കുതിപ്പ്. ആനപ്പുറത്ത് ആസനം റെഡി.

 

വാപ്പയിലൂടെ ആനലോകത്തെത്തിയ അസ്സയിനാര്‍ വളരെപ്പെട്ടെന്ന് ആന ശാസ്ത്രത്തില്‍ വിശാരദനായി. മദിച്ചു പായുന്ന ഏത് കൊമ്പനും അസ്സയിനാരുടെ തോട്ടിക്കു താഴെ കണ്വാശ്രമത്തിലെ മാന്‍പേടയെപ്പോലെ മെരുങ്ങി നിന്നു. കൊയിലാണ്ടി അരിക്കുളം- എലംഗമല്‍ മായിന്‍ കാക്കയുടേതാണ് ആനകള്‍. ആന അസ്സയിനാര്‍ക്ക് മാത്രം അനുസരിച്ചു നിന്നപ്പോള്‍ അസ്സയിനാര്‍ മായിന്‍കാക്കയുടെ മുന്നില്‍ മദംപൊട്ടിനിന്നു.
ക്ഷിപ്രവേഗം കൊണ്ട് ആനയും പാപ്പാനും ചേന്ദമംഗല്ലൂരിലും പരിസരങ്ങളിലും പെരുമ നേടി. അതിനിടയില്‍ അയാള്‍ ചേന്നാംകുന്നത്ത് ആയിച്ചംമാച്ചിയുടെ മകള്‍ പാത്തുമ്മയെ നിക്കാഹ് ചെയ്ത് വീട് കൂടി. അസ്സയിനാര്‍ ചേന്ദമംഗല്ലൂര്‍കാരനായി. ആന ചേന്ദമംഗല്ലൂരിന്റേതും. അറുപത്തഞ്ചു വര്‍ഷം മുമ്പത്തെ ദൂര ധൂസരത. അസ്സയിനാരുടെ കുടുംബവേരുകള്‍ അങ്ങ് തുര്‍ക്കി രാജ്യത്തോളം നീണ്‍ടു നില്‍ക്കുന്നു. കോഴിക്കോട് അന്ന് സമൂതിരി കോവിലകത്തെ ഭരണകാലം. കടല്‍ വാണിജ്യം അറബിക്കുത്തക. സാമൂതിരിക്കു വേണ്‍ടി സമുദ്രം കാക്കുന്നത് മാപ്പിളപ്പടയാളികള്‍. മാപ്പിളമാരുടെ കരവലയത്തില്‍ സാമൂതിരി സാമ്രാജ്യം സുരക്ഷിതം. പ്രവാചക കാലത്തെ ധീരപടയാളി ആയിരുന്നു അലി. കോഴിക്കോട്ടെ പടത്തലവന് സാമൂതിരി കല്‍പിച്ചു നല്‍കിയ സ്ഥാനപ്പേര്‍ അലിയുടേത് (കുഞ്ഞാലി). മര്‍ക്കബില്‍ (കപ്പല്‍) കയറുന്നവന്‍ മരക്കാര്‍.


അങ്ങനെ കടല്‍പ്പടത്തലവന്മാര്‍ കുഞ്ഞാലി മരക്കാരായി. ആള്‍മിഡിയുടെ പൊന്നാനി ആക്രമത്തോടെ മരക്കാര്‍മാര്‍ ആസ്ഥാനം ഇരിങ്ങല്‍ കോട്ടക്കലേക്ക് മാറ്റി. മല്ലന്മാരായ നാവികരെ അന്വേഷിച്ച് കുഞ്ഞാലിമാര്‍ നാടാകെ സഞ്ചരിച്ചു. തുര്‍ക്കിയില്‍ നിന്നൊരു സംഘം അറബി മധ്യവര്‍ത്തികളിലൂടെ ഇരിങ്ങലെത്തി മരക്കാന്മാരോട് ചേര്‍ന്നു. മധ്യധരണിയാഴിയില്‍ കപ്പല്‍ത്തണ്ട് വലിച്ച് തഴമ്പാര്‍ന്ന കൈകളിലൂടെ അറബിക്കടലിലെ നാവിക വള്ളങ്ങള്‍ പറങ്കിക്കപ്പലുകളിലേക്ക് ശരം പോലെ പാഞ്ഞുകയറി. കാലത്തിന്റെ പകിട കളികളില്‍ മരക്കാന്മാരും, തുര്‍ക്കികളും, സാമൂതിരിയും വിധിയോട് രാജിയായി.
ഇരിങ്ങലില്‍നിന്നും തിടം വെച്ചു വളര്‍ന്ന തുര്‍ക്കികള്‍ പരിസരങ്ങളിലേക്ക് ഒഴുകിപരന്നു. കുറ്റ്യാടി, തൊട്ടില്‍പാലം, കൊയിലാണ്‍ടി ഈ കുടുംബ പരമ്പരയുടെ ഈടുവെപ്പുകള്‍ വയനാടന്‍ മലമടക്കുകള്‍ കയറി. അവിടെ ഇന്നും ഒരു തുര്‍ക്കി കോളനിയുണ്ട്. തുര്‍ക്കി റോഡും.
അസ്സയിനാര്‍ക്ക് പാത്തുമ്മയില്‍ കാലംകൊണ്ട് പുത്രഭാഗ്യങ്ങളുണ്‍ടായി. തുര്‍ക്കി മുഹമ്മദ്, തുര്‍ക്കി അബ്ദുറഹ്മാന്‍ (എടോന്‍), തുര്‍ക്കി ഹമീദ്, പാപ്പാന്‍ പണി അസ്സയിനാര്‍ക്ക് ഒരു തൊഴിലു മാത്രമല്ല. നേരം പോക്കും കൂടിയാണ്. ബോധാബോധങ്ങളുടെ നേര്‍ത്ത നടവരമ്പിലൂടെ വേച്ചു നടക്കുന്ന ഈ വൃദ്ധനെ ആര്‍ക്കും വഴങ്ങാത്ത ഒറ്റക്കൊമ്പന്‍ ഉരമ്മി നടക്കുന്നത് ഒരു ഇന്ദ്രജാല വിസ്മയം പോലെ നാട്ടുകാര്‍ കണ്‍ടുനിന്നു. ഏത് ആന പാപ്പാനെയും പോലെ അസ്സയിനാരും സനാതന ചിട്ടവട്ടങ്ങളുടെ കല്‍ചുമരുകള്‍ തകര്‍ത്തിരുന്നു.
കറുത്ത് പേശീബലം കൊഴുത്ത ഒരജാനുബാഹു. ചീകിയൊതുക്കാത്ത തലമുടി പനനാരുപോലെ ചപ്രച്ചു കിടന്നു. നരകയറിയ തടിച്ച കട്ടിമീശ, ചുവന്നു തുടുത്തുന്തിയ ഉണ്ട‍ക്കണ്ണുകള്‍. നെഞ്ചോളം കൂട്ടിതുന്നിയ അയഞ്ഞ അയകയ്യന്‍ കുപ്പായം ഒട്ടും ചേലുകാട്ടാതെ ചുളിഞ്ഞു ചുരുണ്ടു കിടന്നു. കിറുകി ച്ചുവന്ന മുറുക്കു നീര് ഇടവേളകളില്‍ ഫൗണ്ട‍ര്‍ പോലെ പുറത്തേക്കൊഴുകി. ഫൂ....
നെല്ലും നവസാരവും വാറ്റിക്കുറുക്കിയ സുരജലം സദാസിരാപടലങ്ങളില്‍ സപ്തസമുദ്രം കണക്കെ ഇരമ്പിനിന്നു. അപ്പോഴൊക്കെയും ആന സ്വയം പാപ്പാനായി. ആന പാപ്പാനാവുകയും, പാപ്പാന്‍ ആനയാവുകയും ആനയും, പാപ്പാനും ഒന്നാവുകയും ചെയ്തു. ചേന്ദമംഗല്ലൂരിന്റെ ഊടുവഴി പെരുമകളില്‍ അസ്സയിനാര്‍ ആനക്ക് വടി വെച്ചു. ബോധമറ്റ നിരവധി രാവുകള്‍ തളക്കാപ്പെടാതെ ആന തന്റെ കാലുകള്‍ക്കിടയിലേക്ക് പാപ്പാനെ അരുമയോടെ നിരക്കി കിടത്തി. പുലരുവോളം ഉറങ്ങാതെ കാവലിരുന്നു. അബോധത്തിന്റെ കയങ്ങളില്‍നിന്നും പൊങ്ങിവരുന്ന സ്വന്തം പാപ്പാനുവേണി ഉറങ്ങാത്ത രാവുകള്‍. പാപ്പാന്റെ ശരീരഗന്ധം ഏത് വിദൂരതയിലും തിരിച്ചറിയാന്‍ ആനക്ക് ആകുമായിരുന്നു. അക്കാലത്ത് ആന ജോലികളില്‍ വാപ്പക്ക് സഹായിയായ മൂത്ത മകന്‍ തുര്‍ക്കി മുഹമ്മദിന്റെ കൃത്യപ്പെട്ട ഓര്‍മകള്‍.
വിരിഞ്ഞു വിടര്‍ത്ത മസ്തകം- കരുത്തുള്ള നീണ്ട തുമ്പി, തടിച്ചു കൊഴുത്ത് എണ്ണമയം ചേര്‍ന്ന കറുപ്പുനിറം - ഒറ്റക്കൊമ്പ്. ആ എടുപ്പും നടപ്പും കുലീനയമായ ഒരു ചന്തം തന്നു. അസ്സയിനാരും ആനയും നാട്ടിലെത്തിയാല്‍ ഞങ്ങള്‍ കുട്ടികള്‍ ചുറ്റും കൂടും. ആനയുടെ തുമ്പിക്ക് ചോടെ രാജകീയ പ്രൌഢിയില്‍ അസ്സയിനാര്‍ ചാഞ്ഞു കിടക്കും. എന്നിട്ട് മുഴങ്ങുന്ന ശബദ്ത്തില്‍ കെസ്സ് പാടും. ബദറും ഉഹ്ദും വിരുത്തവും സര്‍ക്കീട്ടുമാലകളും ഇത്ര താളാത്മകമായ ഇശലുകള്‍ ഞങ്ങളാരും അന്നോളം കേട്ടിട്ടില്ല. ഇടക്ക് കുട്ടികളില്‍ ചിലരെ അസ്സയിനാര്‍ അടുത്തേക്ക് വിളിക്കും. വിളിച്ചാല്‍ അവിടെ എത്തണം ഇല്ലെങ്കില്‍ അസ്സയിനാര്‍ ചൊടിക്കും. അസ്സയിനാര്‍ ചൊടിച്ചാല്‍ ആന ചൊടിക്കും. ചെന്നവരെ ചെന്നവരെ ആനയുടെ കാലുകള്‍ക്കിടയിലുടെ അക്കരെ ഇക്കരെ നടത്തും. ചിലരെ ആനപ്പുറത്ത് കയറ്റും. ചിലര്‍ക്ക് ആനപൂട. മറ്റൊരാള്‍ക്ക് ആനവാല്‍ മോതിരം. ഇതിനവസരം കിട്ടിയവര്‍ ശുജായിമാരായി ഞെളിയും. ശുജായിമാരെ നോക്കി അസ്സയിനാര്‍ ചിരിക്കും. കലങ്ങി മറിഞ്ഞ മുറുക്കുനീരില്‍ കുഴഞ്ഞുനില്‍ക്കുന്ന നീണ്ട അണപ്പല്ല് ഉദിപ്പിച്ച് കാട്ടിയ ചിരി നിഷ്കളങ്കതയുടെ ഉദയ പൂപോലെ ചേതോഹരം. അതോടെ ആന ഞങ്ങളുടേതു കൂടിയായി. ആനക്കു ഭക്ഷണം പനപ്പട്ടകള്‍. ചോലപ്പറമ്പുകളില്‍നിന്നും പനപ്പട്ടകള്‍ വെട്ടിയിടുന്നത് നാഗനും ചെറിയാനും. നാട്ടിലെ എണ്ണം പറഞ്ഞ മരംകയറികള്‍. എത്ര അകലെയാണേലും പന മരച്ചോട്ടില്‍ നിന്നും ആനപ്പട്ടകള്‍ വലിച്ചെത്തിക്കുന്നത് ഞങ്ങള്‍ കുട്ടികള്‍. സംഘബോധത്തിന്റെ ആഹ്ളാദകരമായ അപരാഹ്നങ്ങള്‍.
അസ്സയിനാര്‍ ആനയെ കുളിപ്പിക്കുന്നത് തെയ്യത്തുംകടവില്‍. അതൊരു എഴുന്നള്ളത്ത്. മുന്നില്‍ തോട്ടിയുമായി അസ്സയിനാര്‍. തൊട്ടും തൊടാതെയും ആന. ആ നടപ്പിന് പോലും ഒരെടുപ്പുണ്ട്. ആനക്ക് പിന്നില്‍ ആര്‍പ്പും വായ്കുരവയുമായി കുട്ടികള്‍. വഴി നീളെ അവര്‍ ആനപ്പെരുമകള്‍ പാടി നടന്നു.
ഒരു നോമ്പുകാലം വെള്ളിയാഴ്ച ജുമുഅ പിരിഞ്ഞ പള്ളിയില്‍ കെ.സി. അബ്ദുല്ല മൌലവിയുടെ വഅള്. കെ.സിയുടെ മത പ്രഭാഷണം എന്നും ചേന്ദമംഗല്ലൂര്‍കാര്‍ക്ക് ഒരു സംഭവമാണ്. അല്ലാഹുവും, മാലാഖമാരും, സ്വര്‍ഗവും, നരകവും അദ്ദേഹത്തിന്റെ വചന പ്രസാദത്തില്‍ ഉടലെടുത്തുനില്‍ക്കും. ഭൂമിയുടെ ജഡികതയില്‍നിന്നും വിശ്വാസിയെ പിഴുതെറിയുന്ന ഒരു ഉത്തോലക ശക്തി ആ പ്രഭാഷണചാതുരിയില്‍ ത്രസിച്ചുനില്‍ക്കും. മുതിര്‍ന്നവരൊക്കെ അകം പള്ളിയില്‍, ഞങ്ങള്‍ കുട്ടികള്‍ പുറം പള്ളികോലായില്‍ കൌമാര കൌതുകങ്ങളില്‍ ലയിച്ചു നിന്നു. നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മപ്രവാഹം. ആനവരുന്നേ..... ആരോ ചൂണ്‍ടി പറഞ്ഞു; ആനപ്പുറത്ത് അസ്സയിനാരും. പള്ളിയില്‍നിന്നും കുട്ടികള്‍ ഓടാന്‍ വെമ്പിനിന്നു. പെട്ടെന്ന് ആന ഒന്ന് വെട്ടിച്ച്നിന്നു. പാപ്പാന്റെ കല്‍പനയാകാം തരംപോലെ ആന റോട്ടില്‍നിന്നും പള്ളിമുറ്റത്തേക്കു നടന്നു. അന്ന് പള്ളിക്ക് വിശാലമായ അങ്കണമുണ്ട്. പാപ്പാന്റെ സിരാപടലങ്ങളില്‍ ലഹരി നുരകള്‍ ഓളക്കുത്തുകള്‍ തീര്‍ത്തിരുന്നു. ആനയും പാപ്പാനും പള്ളിമുറ്റത്ത് സഡന്‍ ബ്രേക്ക്. അസ്സയിനാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു: "മൌലവ്യേ... ഞാനേതായാലും നന്നാവൂല. എനി ഇവന്‍ കേക്കട്ടെ.'' തിരിഞ്ഞു നിന്ന് ആനയോട് പറഞ്ഞു "അവടെ നിന്ന് കേട്ടടോ... നീ നന്നാവും.'' പള്ളിയില്‍ വയളു നിര്‍ത്തി മൌലവി പുറത്തേക്കിറങ്ങി. മൌലവിയുടെ മുന്നില്‍ അസ്സയിനാര്‍ ആദരവോടെ തൊഴുതുനിന്നു. " ആനയെ അവിടെ കെട്ടി നിങ്ങള്‍ ഇങ്ങോട്ട് പോര്.'' മൌലവിയുടെ ക്ഷണം. പാപ്പാന്‍ ചിരിച്ചു നിഷ്കളങ്കമായ ചിരി. വിശ്വാസ ജീവിതത്തിലെ സര്‍വ കാപട്യങ്ങളെയും സ്വയം പീഡയിലൂടെ പരിഹസിക്കുകയായിരുന്നു അയാള്‍. ഏത് അരാജക ജീവിതത്തിലും പ്രവാചകതുല്യമായ ഒരു സൂക്ഷ്മ ജീവിത നിഷേധമുണ്ട്. പിന്നീട് ആനക്ക് ഒരുത്തരവ്. ആന പതിയെ തിരിച്ചു നടന്നു. പാപ്പാനെയുമായി. ആനക്കറിയാം പോകേണ്ട വഴി, എത്തേണ്ട ഇടവും. നേരെ നടന്നെത്തിയത് തയറ്റുംപാലി വയലിറമ്പിലെ ഇലച്ചമരച്ചോട്ടില്‍. ആനപ്പുറത്തുനിന്നും രാജകീയ ഭാവത്തില്‍ താഴെ ഇറങ്ങിയ പാപ്പാനെ ഞങ്ങള്‍ കുട്ടികള്‍ കൌതുകത്തോടെ നോക്കിനിന്നു. ആനക്കരികെ അസ്സയിനാര്‍ നീണ്ട് നിവര്‍ന്നു കിടന്നു. ആര്‍ദ്ര മധുരമായ കെസ്സ് പാട്ടുകള്‍ അണമുറിയാത്ത വായ്താരിയായി.
അന്ന് രാത്രി ബാലമനസ്സിന്റെ ആകാശത്തൊരു കിനാവു പൂത്തു. ആനപ്പുറത്തേറി. വീട്ടുമുറ്റത്ത് നില്‍ക്കുന്ന അസ്സയിനാര്‍ പിന്നില്‍ നിഴലായി മരുഭൂമിയിലെ ആദി ദേവാലയത്തിലേക്ക് പുറപ്പെട്ടുപോയ അബ്റഹത്തും കോലയിലെ ചാരു കസേരയില്‍ ആഞ്ഞിരുന്ന് ചിരിക്കുന്ന കെ.സി. മൌലവിയും....


നിങളുടെ അഭിപ്രായങള്‍
Unable to connect to mysql server: localhost