>> തേക്കുമ്പാലി; നാടിന്... >> പച്ചയും സായിപ്പും പി...
|

സ്ഥലം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ നമ്പര്‍ 2
ഞാനും സകല ഭാരവും നിറച്ച ട്രോളി ബാഗുമായി നീണ്ട ക്യൂവില്‍ നിന്ന് ബോര്‍ഡിംഗ്
പാസും എമിഗ്രെഷനും കഴിഞ്ഞു വിശ്രമ സ്ഥലത്തെ ഒരു സീറ്റില്‍ വന്നിരുന്നു.
ബാഗേജ് ചെക്കുചെയ്യുന്നവനെ ട്രോളി ബാഗ് കാണിക്കാതെ പറ്റിച്ച സന്തോഷം മറ്റേതൊരു
മലയാളിയെയും പോലെ എന്‍റെ മനസ്സിലും അപ്പോഴുണ്ടായിരുന്നു. കണ്ടിരുന്നെങ്കില്‍
ഒരു ഇരുനൂറു ദിര്‍ഹം പോയിക്കിട്ടുമായിരുന്നു. ഗള്‍ഫുകാരന്റെ ഡ്യൂട്ടി ഫ്രീ
ബ്രന്റായ NIDO വാങ്ങുന്ന ശീലമില്ലത്തതിനാല്‍ ചുറ്റുപാടും നോക്കി അവിടെത്തന്നെ
ഇരുന്നു.
'എല്ലാം കഴിഞ്ഞു, ഇനി വിമാനത്തില്‍ കയറിയാല്‍ മതി' എന്ന സ്ഥിരം വിളി
കാത്തിരിക്കുന്ന ഭാര്യയെ വിളിക്കാന്‍ ഫോണെടുത്ത് ഡയല്‍ ചെയ്തപ്പോള്‍
മോളായിരുന്നു ഫോണെടുത്തത്. ഇത്തവണ അവരെയൊന്നും കൂട്ടാതെയാണ് ഒരാഴ്ചത്തെ
യാത്ര. ഫോണെടുത്ത ഉടനെ, രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്ത അവളുടെ നിഷ്കളങ്കമായ
സംസാരം "ബാബയോട് ഒരുകാര്യം ഞാന്‍ പറയില്ല, അതുകേട്ടാല്‍ ബാബ വിഷമിക്കും".
അപ്പൊ തന്നെ എന്നോട് എന്തോ കാര്യം പറയരുതെന്ന് ഉമ്മ അവളോട്
പറഞ്ഞിട്ടുണ്ടാവുമെന്നു എനിക്കുറപ്പായി. കാരണം എന്തെങ്കിലും ആരോടെങ്കിലും
പറയരുതെന്ന് അവളെ ശട്ടം കെട്ടിയാല്‍ എങ്ങിനെയെങ്കിലും അവരോടതു
പറഞ്ഞില്ലെങ്കില്‍ അവള്‍ക്കു ഉറക്കം വരില്ല. ഇതറിയാവുന്നതിനാല്‍ ഒന്നുകൂടി
നിര്‍ബന്ധിച്ചപ്പോള്‍ "ഇക്കാക്ക ബാത്ത് റൂമില്‍ വീണു തല പൊട്ടിയത് ഞാന്‍
പറയില്ലെന്ന്" നിഷ്കളങ്കമായി അവള്‍ പറഞ്ഞു. ഉമ്മക്ക് ഫോണ്‍ കൊടുക്കാന്‍
നിര്‍ബന്ധിച്ചപ്പോള്‍ ഫോണ്‍ കൊടുത്തെങ്കിലും ഒന്നും പറയേണ്ടെന്നും പറഞ്ഞാല്‍
ബാബക്ക് വിഷമമാവുമെന്നും പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. എന്‍റെ
യാത്രയില്‍ പ്രയാസപ്പെടരുതെന്നു കരുതിയായിരിക്കും "കാര്യമായി ഒന്നുമില്ല
ചെറിയൊരു മുറിവേ ഉള്ളൂ " എന്ന അവളുടെ മറുപടിയില്‍ ഞാന്‍ സമാധാനിച്ചു.
ഫോണ്‍ വെച്ചതിനു ശേഷം ചുറ്റുപാടുമുള്ള മറ്റു യാത്രക്കാരിലെക്കായി എന്‍റെ
ശ്രദ്ധ. "കുപ്പിയും" NIDO യുമായി പലരും ഡ്യൂട്ടി ഫ്രീയില്‍ നിന്നും
വരുന്നുണ്ട്. എനിക്ക് പോവേണ്ട വിമാനത്തിനു ഇനിയും ഒരു മണിക്കൂറിലധികം
സമയമുണ്ട്. യാത്രയില്‍ വായിക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ ഒന്നും
വായിക്കാനും കൊണ്ട് വന്നിട്ടില്ല. ശ്രദ്ധ വീണ്ടും മറ്റു യാത്രക്കാരിലെക്കായി.
സീറ്റുണ്ടായിട്ടും അതിലിരിക്കാതെ വിശ്രമ മുറിയുടെ ഒരുമൂലയില്‍ ചുമരില്‍ ചാരി
കാര്‍പെറ്റില്‍ ഇരിക്കുന്ന ഒരു പച്ചയിലാണ് (പാകിസ്താനി) എന്‍റെ ശ്രദ്ധ
ഉടക്കിയത്. കുറച്ചുനേരം അയാളെ തന്നെ നോക്കിയിരുന്നപ്പോള്‍ എനിക്ക് വല്ലാത്തൊരു
കൌതുകം തോന്നി. കുറെ കടലാസുകള്‍ നിവര്‍ത്തിയും മടക്കിയും ഇരിക്കുകയാനയാള്‍.
ഒരു ഗള്‍ഫുകാരന്റെ യാതൊരു അടയാളവും അയാളില്‍ എനിക്ക് കാണാന്‍ പറ്റുന്നില്ല.
മുശിഞ്ഞ വേഷവും റബ്ബര്‍ ചെരിപ്പും ഒരു ചെറിയ സഞ്ചിയും മാത്രമാണ്
അയാള്‍ക്ക്‌ഉള്ളത് .ബിന്യാമിന്റെ ആടുജീവിതത്ത്തിലെ നജീബിനെയാണ് എനിക്ക് ഓര്മ
വന്നത്.
നിരാശയും ദേഷ്യവും സങ്കടവും ആ മുഖത്ത് കാണാന്‍ കഴിയും. ഒറ്റ
നോട്ടത്തില്‍, അയാളെ ഈ നാട്ടില്‍ നിന്നും കയറ്റിവിടുകയാനെന്നു ഊഹിക്കാം.
സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത നിരാശയായിരിക്കും ആ മുഖത്ത്. ഒരു
ഗള്‍ഫുകാരനായിട്ടു നാട്ടില്‍ വിമാനമിരങ്ങുന്നത് സ്വപ്നം കണ്ടിട്ട് ഈ
കോലത്തില്‍ തിരിച്ചു പോവേണ്ടി വരുന്ന സങ്കടമായിരിക്കുമോ? അതോ വിസക്ക് പൈസ
കൊടുത്തിട്ടും ജോലിയുള്ള ഒരു വിസ കിട്ടാത്തത്തിലുള്ള ദേശ്യമായിരിക്കുമോ?
ഇങ്ങിനെ ഓരോന്ന് ചിന്തിച്ചപ്പോഴാണ് ഓരോരുത്തരുടെയും പ്രശ്നങ്ങളെ കുറിച്ച്
ആലോചിച്ചത്. യാത്രയില്‍ ഒരുപാട് വിധത്തിലുള്ള ആളുകളെ കാണാനും മനസ്സിലാക്കാനും
ശ്രമിക്കാറുണ്ട്. അതിലൊരു മനുഷ്യനാണ് ഈ "പച്ച".
ഇപ്പൊ ലോഞ്ച് ഏകദേശം നിറഞ്ഞിട്ടുണ്ട്. ചുറ്റുമുള്ളവരിലേക്ക് തന്നെ
ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പല നാട്ടുകാര്‍, ഭാഷക്കാര്‍, നിറക്കാര്‍.
ഡ്യൂട്ടി ഫ്രീ പരച്ചേസ് കഴിഞ്ഞു, നേരത്തെ തന്നെ കൊള്ളാവുന്നതിലും അധികം നിറച്ച
ഹാന്‍ഡ് ബാഗേജില്‍ വീണ്ടും കുത്തിനിറക്കുന്നവരെയാണ് കൂടുതലും കാണുന്നത്.
അവരൊക്കെ പാവങ്ങളുടെ വിമാനമായ ബഡ്ജെറ്റ് വിമാനത്തില്‍ കയറാന്‍ എന്നെ പോലെ
കാത്തിരിക്കുന്ന 'മലബാരികള്‍' തന്നെയാണെന്ന് ഈ പ്രവര്‍ത്തിയിലൂടെ വീണ്ടും
വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു മാറ്റമുണ്ട്, നേരത്തെ കണ്ട
'പച്ച'യെ പോലെയല്ല, എല്ലാവരുടെയും മുഖത്തു സന്തോഷവും അകാംക്ഷ്യുമാണ് കാണാന്‍
കഴിയുന്നത്. ചിലപ്പോ വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും അവര്‍ കുടുംബത്തെ
കാണാന്‍ പോവുന്നത്. ഇതുവരെ കാണാന്‍ സാധിക്കാതിരുന്ന ആദ്യ കുട്ടിയെ നേരില്‍
കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയായിരിക്കും പലരും. ഞാന്‍ നോക്കിയിട്ട്
മലബാരികളില്‍ ആരുടെ മുഖത്തും സന്തോഷമല്ലാതെ മറ്റൊരു വികാരവും കാണാന്‍ പറ്റുന്നില്ല.
പെട്ടെന്നാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഇതൊരു 'ബാച്ച്ലര്‍ എയര്‍
പോര്‍ട്ട്' ആണോ എന്ന് തോന്നിക്കുമാറ് ഒരൊറ്റ ഫാമിലിയെ പോലും ചുറ്റും
നോക്കിയിട്ട് കാണാന്‍ പറ്റിയില്ല. എന്റെ അതിശയം തീര്‍ക്കാന്‍ വീണ്ടും ചുറ്റും
നോക്കിയെങ്കിലും എന്‍റെ സംശയം മാത്രം ബാക്കിയായി. പക്ഷെ ഇത്തിരി മാറി മറ്റൊരു
ഭാഗത്ത് വെള്ളി നിറത്തിലും സ്വര്‍ണ നിറത്തിലും മുടിയുള്ള കുറെ സായിപ്പന്മാര്‍
ഇരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു. എന്‍റെ കൌതുകം കൊണ്ട് അവരിരിക്കുന്ന
ഭാഗത്തേക്ക് ഞാന്‍ മാറിയിരുന്നു. ചിലര്‍ ലാപ്ടോപ് തുറന്നു വച്ചു എന്തൊക്കെയോ
ചെയ്യുന്നു. ചിലര്‍ ipodil പാട്ടും കേട്ടിരിക്കുകയാണ്. പക്ഷെ കൂടുതലും പല
പുസ്തകങ്ങളും വായിച്ചുകൊണ്ടിരിക്കുകയാണ്.
സായിപ്പന്മാരുടെ വായനാ ശീലം പല
യാത്രകളിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടെയുള്ളവരോട് സംസാരിക്കുന്ന
സ്വഭാവവും അവര്‍ക്കില്ല. ക്യൂവില്‍ നില്‍ക്കുമ്പോഴും ഈ വായന അവരുടെ ഒരു
ശീലമാണ്. നമ്മുടെ ആളുകള്‍ക്കിടയില്‍ എന്തുകൊണ്ട് ഈ ശീലമില്ല എന്ന്
ചിന്തിച്ചപ്പോള്‍ ഉത്തരം പെട്ടെന്ന് തന്നെ കിട്ടി. നമുക്ക് വായിക്കാനെവിടെയാ സമയം.
ഒരുപാട് കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് നമ്മുടെ നാട്ടില്‍ പോക്ക് തന്നെ.
നാട്ടിലെത്തിയിട്ട് വേണം വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍, കുട്ടികളുടെ
അഡ്മിഷന്‍ ശരിയാക്കാന്‍, പെണ്‍കുട്ടികളെ കെട്ടിക്കാന്‍, കുടുംബത്തിലെ
പ്രശ്നങ്ങള്‍ തീര്‍ക്കാന്,
അങ്ങിനെ ഒത്തിരി കാര്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. പെണ്ണ് കെട്ടാനാണ് പോവുന്നതെങ്കില്‍ പിന്നെ
ചിന്തിക്കാന്‍ വേറൊന്നും വേണ്ട. ഇത്രയൊക്കെ ചിന്തിക്കാനുള്ള നമ്മളും നാളത്തെ
കാര്യത്തെ കുറിച്ച് വേവലാധിയില്ലാത്ത സായിപ്പന്‍മാരും ഒരുപോലെയാണോ? അതിനാല്‍
അവര്‍ വായിക്കട്ടെ, നമുക്ക് വീണ്ടും ചിന്തിച്ചിരിക്കാം.
അതിനിടക്ക് കറാച്ചിയിലേക്കു പോവാനുള്ള യാത്രക്കാരെ ക്ഷണിച്ചു കൊണ്ടുള്ള
അറിയിപ്പ് വന്നു. 'AIR ബ്ലു' എന്നും 'കറാച്ചി' എന്നും കേട്ടിട്ടായിരിക്കും
ഇംഗ്ലീഷ്ല്‍ ഉള്ള അറിയിപ്പ് വന്ന ഉടനെ എല്ലാ പേപ്പറുകളും മടക്കി തിരികെ
സഞ്ചിയിലാക്കി, കുറെ നേരമായി ഇരുന്നിരുന്ന ചുമരിനോടും തറയോടും പിരിഞ്ഞു മറ്റു
യാത്രക്കാര്‍ക്കൊപ്പം നമ്മുടെ പച്ചയും എഴുനേറ്റു നടന്നു. അപ്പോഴും അയാള്‍ക്ക്
യാതൊരു തിരക്കും ഇല്ലായിരുന്നു. ആദ്യം കയറനമെന്നോ പെട്ടെന്ന് സീറ്റില്‍
എത്തണമെന്നോ ഒന്നും ആഗ്രഹമില്ലാത്തതു പോലൊരു നടത്തം. അപ്പൊ എനിക്ക് ഓര്മ
വന്നത് ഞാന്‍ അടക്കമുള്ള ആളുകളുടെ സ്വഭാവമാണ്. കയ്യിലുള്ള ബോര്‍ഡിംഗ് പാസില്‍
സീറ്റ് നമ്പര്‍ ഉള്ളതില്‍ മറ്റൊരാളും ഇരിക്കില്ലെന്ന് അറിയാമെങ്കിലും
വല്ലാത്തൊരു തിരക്ക് കൂട്ടലാണ് വിമാനത്തിനുള്ളിലേക്ക് കയറാന്‍. അതിലും രസകരം
വിമാനം ലാന്‍ഡ് ചെയ്തു നിലം തൊട്ട ഉടനെ എല്ലാ അറിയിപ്പുകളും അവഗണിച്ചു സീറ്റ്
ബെല്‍റ്റ് അഴിക്കലും, വിമാന കമ്പനിയോട് വാശി തീര്‍ക്കാന്‍ എന്ന വണ്ണം
മൊബൈല്‍ ഓഫാക്കില്ല എന്ന് വിളിച്ചു പറയുന്ന രൂപത്തില്‍ പല ടോണിലുള്ള
ഇന്‍കമിംഗ് മെസ്സേജ് വരുന്ന ശബ്ദങ്ങള്‍ ചുറ്റില്‍ നിന്നും കേള്‍പിക്കും .

കുതിച്ചു വന്ന വിമാനം റണ്‍വേയുടെ മറ്റേ അറ്റത്തു ഒരു വിധം നിന്നു എന്ന്
മനസ്സിലായാല്‍ പിന്നെ തലയ്ക്കു മുകളിലുള്ള ഹാന്‍ഡ് ബാഗ് എടുക്കുന്ന തിരക്ക്
കൂട്ടല്‍. ഇതൊക്കെ എങ്ങിനെയെങ്കിലും എമിഗ്രേഷെന്‍ ക്യൂവില് മുന്നിലെത്താന്‍
ആയിരിക്കും. ഈ തിരക്കെല്ലാം ഒരിടത്ത് അവസാനിക്കും എന്ന് അപ്പോഴും ഓര്‍ക്കില്ല.
ലഗേജ ബെല്‍ട്ടില്‍ അപ്പോഴും നമുക്ക് മുന്‍പിറങ്ങിയ വിമാനത്തിലെ യാത്രക്കാരുടെ
ലഗേജ് വന്നിട്ടുണ്ടാവില്ല. അവിടെ വരെയാണ് തിരക്ക്.
ഇതെല്ലാം ഓര്‍ത്തുകൊണ്ട്, മറ്റു യാത്രക്കാരില്‍ ഒരാളായി മാറി കണ്ണില്‍ നിന്നും
മായുന്നത് വരെ ഞാന്‍ ആ 'പച്ചയെ' തന്നെ നോക്കിയിരുന്നു.
ഇനിയും കുറെ രാജ്യക്കാരായ യാത്രക്കാര്‍ വന്നു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ
വിമാനത്തിനു മുക്കാല്‍ മണിക്കൂര്‍ ബാക്കിയുണ്ട്.
എന്റെ ശ്രദ്ധ വീണ്ടും
സായിപ്പന്മാരിലെക്കായി. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ പേജ്
മറിക്കുന്നതല്ലാതെ മറ്റൊരു മാറ്റവും അവരിലില്ല. നേരത്തെ പറഞ്ഞ 'പച്ച' യുടെ
കാര്യം പോലെ, 'മലബാരി'കളില്‍ കണ്ട സന്തോഷവും ആഹ്ലാദവും അവരിലും കാണാന്‍
കഴിയുന്നില്ല. എങ്കിലും ഞാന്‍ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഇത്തിരി കഴിഞ്ഞപ്പോ അടുത്ത വിമാനത്തിന്റെ അറിയിപ്പ് വന്നു.
'ബാഗ്ദാദി'ലേക്കുള്ള വിമാനത്തിലെ യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റാന്‍
ആയിരുന്നു ആ അറിയിപ്പ്. സാക്ഷാല്‍ 'സദ്ദാം ഹുസൈന്‍ന്റെ' നാട്ടിലേക്കുള്ള
വിമാനം. ഒരു നിമിഷം സദ്ദാമും യുദ്ധവും എല്ലാം മനസ്സില്‍ വന്നു. ആരൊക്കെയാണ്
ആ വിമാനത്തില്‍ കയറാന്‍ ഉള്ളതെന്ന് എനിക്ക് ആകാംക്ഷയായി. അതിനു ഉത്തരം
പെട്ടെന്ന് കിട്ടി. സായിപ്പന്‍മാര്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി,
ലാപ്ടോപ് ബാഗിലിട്ടു ഓരോരുത്തര്‍ സാവധാനം എഴുനേറ്റു. 'പച്ചയെ' പോലെ അവര്‍ക്കും
ഒട്ടും ധൃതിയില്ല. അപ്പോഴാണ് അവരുടെ മുഖത്ത് കണ്ട വികാരങ്ങള്‍ എന്റെ
മനസ്സിലേക്ക് വീണ്ടും വന്നത്. അവരുടെ യാത്രാ ലക്‌ഷ്യം ആയിരിക്കും അവരുടെ
മുഖത്തു നിന്നും സന്തോഷവും ആഹ്ലാദവും മായ്ച്ചു കളഞ്ഞത്. അതോ, കുറ്റബോധമോ? ഒരു
നാടിനെയും അവിടുത്തെ സംസ്കാരത്തെയും തകര്‍ത്തു കളഞ്ഞതിനും ജനിക്കാനിരിക്കുന്ന
കുട്ടികളെ പോലും മാറാ രോഗികളാക്കുന്ന വിധം സംഹാരായുധങ്ങള്‍ പ്രയോഗിച്ചു ആ
നാടിന്റെ അന്തരീക്ഷം പോലും വിഷലിപ്തമാക്കിയത്തിലുള്ള മനോവിഷമമോ? അതോ ആ
നാട്ടില്‍ നിന്നും ജീവനോടെ തിരിച്ചു പോരാന്‍ പറ്റുമോ എന്ന ഭയമോ? അല്ലെങ്കില്‍
സുരക്ഷിതമല്ലാത്ത ആ നാട്ടിലേക്കു നിര്‍ബന്ധ പൂര്‍വ്വം അയക്കുന്നവരോടുള്ള
അമര്‍ഷമോ?
ഏതാണാ വികാരങ്ങള്‍? ഒന്നും വേര്‍ തിരിച്ചു മനസ്സിലാക്കാന്‍
പറ്റുന്നില്ല. അവരേതായാലും അവര്‍ തന്നെ നശിപ്പിച്ച നാട്ടിലേക്കുള്ള
വിമാനത്തിലേക്ക് സാവധാനം നടക്കുകയാണ്.
അപ്പോഴും എന്റെ ചിന്തയില്‍ മഹത്തായ പാരമ്പര്യവും അമൂല്യ പ്രാചീന സംസ്കാരവും
നിലനിന്നിരുന്ന ആ നാടായിരുന്നു. ദിവസവും ഒരു കുറ്റവും ചെയ്യാതെ
കൊല്ലപ്പെടുന്നവരെ കുറിച്ച്, മരിച്ചു വീണു കൊണ്ടിരിക്കുന്ന കുട്ടികളെ കുറിച്ച്
നശിപ്പിക്കപെട്ട പ്രാചീന സാംസ്കാരികതയെ കുറിച്ച് നൊമ്പരപ്പെടുത്തുന്ന
ഒരുപാട് ഓര്‍മ്മകള്‍ ഒരു നിമിഷം കൊണ്ട് മനസ്സിലേക്ക് വന്നു.
പ്രാര്‍ത്ഥിക്കാം നമുക്ക് ആ നാട്ടിലെ നിസ്സഹായരായ നാട്ടുകാര്‍ക്ക് വേണ്ടി,
ജനിക്കാനിരിക്കുന്ന അവിടുത്തെ കുട്ടികള്‍ക്ക് വേണ്ടി എന്ന് എല്ലാവരോടും
പറയണമെന്ന ചിന്തയായിരുന്നു മനസ്സിലപ്പോള്‍.
അതിനിടക്ക് എനിക്ക് പോവാനുള്ള വിമാനത്തിന്റെ അറിയിപ്പും വന്നു. 'പാസഞ്ചേര്സ്
ടു കാലിക്കറ്റ്'...
യാന്ത്രികമായി ഞാനും തിരക്കുന്ന ക്യൂവില്‍ ഒരാളായി
മാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക
|