തിരിഞ്ഞുനോട്ടം ഭാഗം : രണ്ട്
കണക്കുപറമ്പന്‍കുന്നത്തെ കോമരങ്ങള്‍

നജീബ് ‍ചേന്ദമംഗല്ലൂര്‍
>> കേസ് വിസ്താരം
>> ഏലിയാമ്മാ റ്റീച്ച...
>> മരണം വന്നു വിളിച്ച...
>> തിരിഞ്ഞുനോട്ടം
>> സ്മരണാഞ്ജലി
>> കുടമണി കെട്ടിയ ഗ്ര...
>> ഗ്രാമം എഴുതുകയാണ്...
>> കണക്കുപറമ്പന്‍ കു...
>> ചന്തപ്പായിയും ബുള...
>> ഒതയമംഗലം പെരുമകള്...
>> ഒരു രോഗി മരണം വായി...

Chennamangallur high school arial view


ഓര്‍മ്മകളുടെ ഊടുവഴികളിലൂടെ മനസ്സ് ചിതറിത്തെന്നി നടക്കുന്നു. ചില ചിത്രങ്ങള്‍ കൂടുതല്‍ തെളിമയോടെ വീണ്ടും വര്‍ണ്ണരാജികള്‍ തീര്‍ക്കുന്നു. ബാല്യവും കൌമാരവും കടന്നുപോയ ഈ ഗ്രാമത്തിന്റെ മനോഹാരിത പ്രവാസഘട്ടത്തില്‍ വല്ലാത്ത ഒരു വേദനയായി വേട്ടയാടിക്കൊണ്ടിരുന്നു.

കണക്കുപറമ്പ്കുന്നത്ത് (ഹൈസ്കൂള്‍കുന്ന്) ഒരു കാലത്ത് തെയ്യവും കോലങ്ങളും നിറഞ്ഞാടിയിരുന്നു. കണക്കന്മാരും പറയന്മാരും ദൈവങ്ങള്‍ക്ക് കോഴിയുടെ നിണം ഗുരുതി കൊടുത്തിരുന്നു. കാടുമൂടിക്കിടന്നിരുന്ന ഗുരുതിക്കല്ല് ഞങ്ങള്‍ ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ കണ്ടിരുന്നു. ഹൈസ്കൂളിലേക്കുള്ള ഈ വഴികള്‍ ഏറെ ദുര്‍ഘടമായിരുന്നു. ചെങ്കുത്തായ വഴി. ഇരുഭാഗത്തും തൊട്ടാവാടി ചെടികള്‍. പുഴയില്‍ കുളിക്കാനിറങ്ങിയ ആനക്കൂട്ടംപോലെ നിറയെ കരിമ്പാറക്കൂട്ടങ്ങള്‍. കുന്നിന്‍നെറുകയില്‍ പാറയിലെ വെള്ളക്കെട്ടുകള്‍. അത് നിറയെ തവള മാക്രികള്‍, കൊച്ചുനീലപ്പൂക്കള്‍.

ഹൈസ്കൂളില്‍ ആണ് ഏറെ പ്രഗത്ഭരായ അധ്യാപകര്‍. ഫറോക്ക് കോളേജില്‍ നിന്നും വന്ന ഒരു ടീം തന്നെയായിരുന്നു. റസാഖ് മാസ്റര്‍, മുഹമ്മദ് മാസ്റര്‍, മൊയ്തീന്‍ മാസ്റര്‍ എന്നിവര്‍. വളരെ നന്നായി പഠിപ്പിക്കുന്ന അധ്യാപകരെ കുട്ടികള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ആ തലമുറയെല്ലാം ഇന്ന് ഹൈസ്കൂളില്‍ നിന്ന് വിടപറഞ്ഞു. അന്ന് മാമ്മു മാസ്റര്‍ ഹെഡ്മാസ്ററായി വിലസിയ കാലമായിരുന്നു. പക്ഷെ ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ മുഹമ്മദലി മാസ്ററായിരുന്നു ഹെഡ്മാസ്റര്‍. അദ്ദേഹം മരിച്ചിട്ട് ഏത്ര വര്‍ഷമായെന്ന് ഓര്‍മ്മയില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന എ.പി. മുസ്ഥഫ, ഉമ്മര്‍ഖാന്‍, കെ.പി. സലാം, മജീദ് മാസ്റര്‍, ഉണ്ണിക്കോയ എം.കെ. എല്ലാവരും പഴയ ആത്മബന്ധം ഇപ്പോഴും തുടരുന്നു. ഞങ്ങള്‍ ഒത്തുകൂടുമ്പോള്‍ പഴയകാല ഓര്‍മ്മകള്‍ അയവിറക്കാറുണ്ട്.

ദിവസവും നാലുപ്രാവശ്യം ആ കുന്ന് കയറിയിറങ്ങിയത്, കാടാമ്പള്ളി താഴ്വരയിലെ ചളിങ്ങാമരം ഇതൊക്കെ മനസ്സില്‍ നിന്നും മാഞ്ഞ്പോവുമോ? ചുവന്നുതുടുത്ത അത്തരം ചളിങ്ങാപഴത്തിന്റെ ഭംഗിയും രുചിയും. ആപ്പിള്‍പോലെ തുടുത്ത മുഖം അതോ ചളിങ്ങാപ്പഴം പോലെ തുടുത്ത കവിളുള്ളവള്‍ എന്നോ ഞാന്‍ വര്‍ണ്ണിക്കുക. കാലത്തിന്റെയും കാലാവസ്ഥയുടേയും വ്യതിയാനത്തില്‍ പലതും കുറ്റിയറ്റതില്‍ ഈ ചളിങ്ങാപ്പഴവും പഞ്ചായത്ത് ചെമ്മണ്‍പാത വശത്തെ പഴുക്കാറായ കോമാങ്ങയുടെ രുചിയും ഉള്‍പ്പെടുമോ? ദൈവമേ, ഈ ഓര്‍മ്മകളെങ്കിലും നീ എനിക്കായി ബാക്കി നിര്‍ത്തുമോ? ജാടകളില്ലാത്ത, ചമയങ്ങളും ചായങ്ങളുമില്ലാത്ത ഒരു നല്ലകാലത്തിന്റെ ഒരല്‍പം ഓര്‍മ്മകള്‍ മാത്രം. അതെത്രമാത്രം മനസ്സിനെ കുളിരണിയിക്കുന്നു.

അന്നവര്‍ കടിച്ചുബാക്കിയായ പാതി മാങ്ങയുടെ രുചി ബാല്യകാലത്തിന്റെ രുചിയായിരുന്നു. ആരും കാണാതെ അവള്‍ തന്ന ഇലഞ്ഞിമാലയുടെ സുഗന്ധം. ഒരിക്കലും പ്രസവിക്കാത്ത മയില്‍പ്പീലി എത്രകാലം പുസ്തകത്താളില്‍ സൂക്ഷിച്ചു. കാല്‍മുട്ടുവരെയുള്ള പാവാടയുടുത്ത കരിനീലക്കണ്ണുകളുള്ള നീ എനിക്ക് പ്രണയത്തിന്റെ ബാലപാഠങ്ങള്‍ നല്‍കി എന്നോ ഒരു ദിവസം മറഞ്ഞുപോയി. അതും ഹൈസ്കൂള്‍ ജീവിതകാലത്താണല്ലോ? മൂന്നുപതിറ്റാണ്ടുകള്‍ കഴിഞ്ഞ് മണാശ്ശേരിയില്‍ നിന്നും ചേന്ദമംഗല്ലൂരിലേക്കുള്ള ഒരു ജീപ്പ് യാത്രയില്‍ നീയെന്നെ പേരെടുത്ത് വിളിച്ചത് ബാല്യകാലപ്രേമത്തിനു മരണമില്ല എന്ന് ഞാന്‍ മനസ്സിലാക്കി.

ഒപ്പം കൂട്ടുകാരുടെ പ്രണയചാപല്യങ്ങള്‍. അന്നത്തെ അധ്യാപകരില്‍ പലരും വധുവായി തിരഞ്ഞെടുത്തത് സ്വന്തം വിദ്യാര്‍ത്ഥിനികളില്‍ ചിലരെയായിരുന്നു.

എല്ലാറ്റിനും സാക്ഷിയായി ഹൈസ്കൂള്‍ കാന്റീന്‍ നടത്തിയിരുന്ന ഉമ്മര്‍ട്ട്യാക്ക. ഉമ്മര്‍ട്ട്യാക്കയുടെ കായപ്പത്തിന് പ്രത്യേക രുചിയായിരുന്നു. രണ്ടുകായപ്പം തിന്ന് ഒരു കായപ്പത്തിന്റെ കണക്കുപറയുന്ന വിദ്യാര്‍ത്ഥി വിരുതന്മാര്‍. ഒരിക്കല്‍ ഒരുവന്‍ വളര്‍ന്ന് വലുതായി ഹജ്ജിന് പോകുമ്പോള്‍ ഉമ്മര്‍ട്ട്യാക്കയോട് ചെന്ന് പറഞ്ഞു.

"ഉമ്മര്‍ട്ട്യാക്ക! എന്നോട് പൊറുക്കണം. ഞാന്‍ നിങ്ങളെ കുറേ പറ്റിച്ചിട്ടുണ്ട്. കേട്ടോ?''
ഉമ്മര്‍ട്ട്യാക്ക ചിരിക്കുന്നു. "അതു നീ സാരമാക്കേണ്ട. നീ ഒന്നെന്ന് പറയുമ്പോള്‍ ഞാന്‍ രണ്ടെണ്ണത്തിന്റെ കാണക്കായിരുന്നു എഴുതി വെച്ചത്. നീ എന്നോടും പൊറുത്താല്‍ സമമായില്ലേ?''.

ഉച്ചയോടടുക്കുമ്പോള്‍ കോളേജ് കാന്റീനില്‍ നിന്ന് ഒരാള്‍ ചോറുകൊട്ടയുമായി കുന്നുകയറി വരും. അയാളുടെ തലയിലെ കൊട്ടക്കുചുറ്റും കാക്കകളും. ഓലമേഞ്ഞ ഒരു ഷെഡ്ഡിലായിരുന്നു ഞങ്ങളുടെ ക്ളാസ്സ്. മുതിര്‍ന്ന കുറേ കുട്ടികളും ഞങ്ങളുടെ ക്ളാസ്സിലുണ്ടായിരുന്നു. കാനക്കുന്നത്ത് അബ്ദുല്ല, കെ.പി. അഹമ്മദ്കുട്ടി, ഷൌക്കത്തലി, കൊടിയത്തൂരിലെ റിട്ടയേര്‍ഡ് പോലീസ് ആലി. പിന്‍സീറ്റുകാരായ ഇവര്‍ പലപ്പോഴും പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കും.

ഒരിക്കല്‍ റസാഖ് മാസ്റര്‍ സയന്‍സ് ക്ളാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അബ്ദുല്ലയോട് ഒരു ചോദ്യമാണ്. പ്രാവിന്റെ പാദങ്ങള്‍ക്ക് എന്ത് പറയും. അബ്ദുല്ലയുടെ ഉത്തരവും പെട്ടെന്നായിരുന്നുയ 'കെണിപ്പ്. ക്ളാസ്സില്‍ കൂട്ടച്ചിരിയുടെ മാലപ്പടക്കം. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഈ മൂവര്‍ സംഘം വലിയ കണിശക്കാരായിരുന്നു. ഈ അടുത്തദിവസം അവരെയെല്ലാം ഒന്നിച്ച് റസാഖിന്റെ മകളുടെ വിവാഹവേളയില്‍ കണ്ടിരുന്നു. കൂട്ടത്തില്‍ കുറേ സഹപാഠികളേയും.

ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഓര്‍മ്മകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നമുക്ക് അവസരം കുറഞ്ഞുവരുന്നു. പല കൂടിക്കാഴ്ചകളും നമ്മെ മധുരമൂറുന്ന ഓര്‍മ്മകളുടെ വഴിയോരങ്ങളിലേക്ക് കൈപിടിച്ചുനടത്തിക്കൊണ്ടുപോവുന്നു.

തിരിഞ്ഞുനോട്ടം അവസാനിക്കുന്നില്ല


നിങ്ങളുടെ അഭിപ്രായങ്ങള്‍

1. ahamed. Says ...
കണകപരംബില്‍ അരങ്ങേരിയിരുനത് തെയ്യമോ അതോ തിറയോ. ഒരു സ്ഥിതീകരണം ആരായുന്നു. കാരണം തെയ്യതിനൊരു ജെഒഗ്രഫികള്‍ മണ്ടലമുണ്ട്. അറിഞ്ഞടത്തോളം നമുടെ പ്രതേശങ്ങളില്‍ തിറയാണ് നടകാര്, അതുകൊണ്ട് മാത്രം. നല്ല വിവരണം. അഭിനന്തനങ്ങള്‍ അറീകുന്നു.

2010-04-27 01:58:27
Email : ahamedmkm@gmail.com

2. Dubai Says ...
ആദ്യമായി കഴിഞ്ഞ് ദിവസം മരിചചവര്‍കു ആദരാഞജ്ലിഗ്ല്‍ അര്‍പികുന്നു.......

"ഉമ്മര്‍ട്ട്യാക്ക! എന്നോട് പൊറുക്കണം. ഞാന്‍ നിങ്ങളെ കുറേ പറ്റിച്ചിട്ടുണ്ട്. കേട്ടോ?''
ഉമ്മര്‍ട്ട്യാക്ക ചിരിക്കുന്നു. "അതു നീ സാരമാക്കേണ്ട. നീ ഒന്നെന്ന് പറയുമ്പോള്‍ ഞാന്‍ രണ്ടെണ്ണത്തിന്റെ കാണക്കായിരുന്നു എഴുതി വെച്ചത്. നീ എന്നോടും പൊറുത്താല്‍ സമമായില്ലേ?''. I like it..

Good. Expecting more pictures of old Cmr...


2010-04-27 07:22:21


3. mahir Says ...
ഉമ്മര്ട്ട്യാക്കയെ പറ്റിക്കാന് വിഫലശ്രമം നടത്തിയ വീരന് നാസര് കൊളായി ആണ്. കൊളായി പലപ്പോഴും ഈ സംഭവം അനുസ്മരിക്കുന്നത് കേട്ടിട്ടുണ്ട്. എഴുത്തുകാരന് നജീബാക്കക്ക് അഭിനന്ദനങ്ങള്. തിരിഞ്ഞുനോട്ടം അവസനാക്കിതിരിക്കട്ടെ. കൂടുതല് നര്മ്മങ്ങളും സംഭവങ്ങളും പ്രതീക്ഷിക്കുന്നു.
2010-04-27 07:44:38
Email : mahircmr@gmail.com

4. Shahir K Says ...
ഹൈസ്കൂളിലെ പാറക്കെട്ടുകള്‍ :
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു കൊഴി കുരുതി അവിടെ കണ്ടിട്ടുണ്ട് (ഇപ്പോള്‍ കെസി ഫൗണ്ടേഷന്‍ നില്‍കുന്നതിന്റെ അടുത്തായിക്കൊണ്ട്) . അന്നും അവിടെ പാറക്കെട്ടുകളും കുറ്റിക്കാടുകളും ഉണ്ടായിരുന്നു. ഭസ്മം ഒക്കെ തേച്ച ഒരു പ്രായമായ ആളും, ഒരു ചെറുപ്പക്കാരനും ഒരു നല്ല പൂവന്‍ കോഴിയെ കാല്‍ കെട്ടി കിടത്തിയിട്ടുണ്ട്. ശേഷം അവര്‍ എന്തൊക്കെയോ കര്‍മങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ അവിടെ കൂടി നില്‍ക്കുന്നത് ചെറുപ്പക്കാരന്‌ രസിച്ചിരുന്നില്ല. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പുതുമയായിരുന്നത് കൊണ്ട് ആകാംക്ഷയോടെ കാത്തിരുന്നു. കോഴിയെ എന്താ ചെയ്യുന്നത് എന്നറിയാന്‍ താല്പര്യമുണ്ടായിരുന്നു. അപ്പോഴേക്കും ബെല്ലടിച്ചു. പിന്നീട് തിരിച്ചു വന്നപ്പോഴെക്കും അവിടെ കൊഴിയുടെ ചോര മാത്രമേ കണ്ടിരുന്നുള്ളൂ... രണ്ടാളുകളും സ്ഥലം വിട്ടിരുന്നു.

2010-04-28 07:19:13
Email : shahircmr@gmail.com

5. najeeb chennamangallor Says ...
കുന്നിന്‍ പുറത്ത് പുതുതായി ഹൈസ്കൂള്‍ പണിയുമ്പോള്‍ മനുഷ്യാസ്തികള്‍ കണ്ടീരുന്നതായി പഴമക്കാറ് പറയുന്നു. പറയന്മാരുടേതാവാം. ഹൈസ്കൂളിലെ അസ്തികൂടത്തിനു പിന്നിലും കുറേ പറയാനുണ്ടു.
വാക്കുകള്‍ സൂക്ഷിക്കണം. മതനിന്ധയായി വിലയിരുതിയേക്കും. എല്ലാം വഴിയെ വരും.
അബ്ദുറഹിമാന്‍ സാഹിബിനു കരിങ്കൊടി കാണിച്ച മഹാന്മാര്‍ ഇപ്പൊഴും ഇവിടെ ജീവിച്ചിരിപ്പുണ്ടു കെട്ടോ. നഗേരി കുട്ടിഹസ്സന്‍ കാക്ക ഒരു പാടു പറഞു. സി,റ്റീ. ബഷീര്‍ വല്ല്യാപ്പ മരിച്ചതു വെള്ളക്കാരെന്റെ വെടിയേറ്റിട്ടാണുപൊലും. ഒരു ജാറത്തിനു വീട്ടു മുറ്റത്തു സ്കോപ്പുണ്ടൂ പഹയാ...

2010-04-28 09:28:16


6. Abu Ihsan Says ...
kadampally Chalunga ippozum avideyund. Najeebka season noki poyal kuttigal parichathinte balancundekil kittum.
2010-05-06 23:37:21




Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354