>> സൗമ്യതയുടെ പ്രതീകം
|

എബ്രഹാം ലിങ്കണ്‍ പറഞ്ഞതായി ഒരു വാചകമുണ്ട്: "സാധാരണ മനുഷ്യരെ(Common People) യാണ് ദൈവത്തിനു കൂടുതല്‍ ഇഷ്ടം. അതാണ് ദൈവം കൂടുതലായി സാധാരണ ജനങ്ങളെ പടച്ചു വിടുന്നത്."
എന്നാലിപ്പോള്‍ ദൈവം നിഷ്കളങ്കരായ സാധാരണ മനുഷ്യരെ സൃഷ്ടിക്കുന്നത് മതിയാക്കി നരകത്തിനു നല്കിയ വാഗ്ദാനം നിറവേറ്റാനുള്ള തിരക്കിലാണോ എന്ന് തോന്നിപ്പോകാറുണ്ട്. ജിന്നുകളിലും മനുഷ്യരിലും പെട്ടവരെക്കൊണ്ട് നരകം നിറക്കപ്പെടുമെന്ന് രേഖപ്പെട്ടതാണല്ലോ. വിധിതീര്‍പ്പുനാളില്‍ നരകത്തിനോട് മതിയായോ എന്ന് ചോദിക്കുമ്പോള്‍; "ഇനിയുമുണ്ടോ കൂടുതലായിട്ട്" എന്നായിരിക്കുമത്രേ മറുചോദ്യമുണ്ടാവുക.
ഇതെല്ലാം മനസ്സില്‍ പെട്ടെന്ന് ഓടി വന്നത് താന്നിക്കണ്ടി മൊയ്തീന്‍ കാക്കയും (താന്നിക്കണ്ടിക്കാരുടെ പ്രിയ വീച്ചായ്ച്ചി) ഈ ലോകത്ത് നിന്ന് അവസാനയാത്ര പുറപ്പെട്ട വിവരം അറിഞ്ഞപ്പോഴാണ്. മൊയ്തീന്‍കാക്ക മരിക്കുന്നതിന്റെ തലേ ദിവസം വരേ എന്നോടു സംസാരിച്ച എന്റെ സമപ്രായക്കാരായ ആളുകള്‍ പോലും കുശലാന്വേഷണങ്ങള്‍ക്കു ശേഷം തിരക്കിയ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയുമുണ്ടായിരുന്നു. സാധാരണ പ്രായം ചെന്നവര്‍ ചെറുപ്രായക്കാരുമായി ഒരല്പമെങ്കിലും അകലം പാലിച്ചു കൊണ്ടല്ലാതെ ഇടപെടാറില്ല. എന്നാല്‍ മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും മൊയ്തീന് കാക്ക വ്യത്യസ്ഥനായിരുന്നു. അദ്ദേഹം കളിതമാശകള്‍ പറഞ്ഞിരുന്നവരില്‍ ആബാലവൃദ്ധം ജനങ്ങളും ഉള്‍പ്പെട്ടിരുന്നു.
എന്റെ കുട്ടിക്കാലം മുതല്‍ക്ക് ഈ നവംബറില്‍ അവസാനമായി കണ്ട നാള്‍ വരേക്കും അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ സ്വഭാവഗുണം ക്ഷമയും സൌമ്യമായ പെരുമാറ്റവുമായിരുന്നു. കുട്ടിക്കാലത്തിന്റേതായ കളികള്‍ക്കും വികൃതികള്‍ക്കും ഞങ്ങള്‍ അയല്‍ വീടുകളിലുള്ളവര്‍ വേദിയാക്കിയിരുന്നത് അദ്ദേഹത്തിന്റെ വീടും പരിസരങ്ങളുമായിരുന്നു. ചീത്തവാക്കുകളോ ശകാരങ്ങളോ കേള്‍ക്കാതെ യഥേഷ്ടം കളിച്ചുല്ലസിക്കാന്‍ ഞങ്ങള്‍ ശിശുക്കള്‍ക്ക് ഇതിനേക്കാള്‍ മികച്ചൊരിടം അറിയുമായിരുന്നില്ല. പേടിപ്പിച്ചു മാത്രം കുട്ടികളെ വളര്‍ത്തിയിരുന്ന കാലഘട്ടത്തില്‍ സ്നേഹിച്ചും കുട്ടികളെ വളര്‍ത്താം എന്ന് പ്രായോഗികമായി കാണിച്ചു കൊടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.

ക്ഷമിക്കുന്നവരുടെ കൂടെയാണ് ദൈവം എന്ന ഖുര്‍ആന്‍ വാക്യം അദ്ദേഹം എപ്പോഴും ഓര്‍ത്തിരുന്നതു പോലെ തോന്നിച്ചിരുന്നു. താന്നിക്കണ്ടി പ്രദേശം ചേന്ദമംഗല്ലൂരിലെ മാതൃകാപ്രദേശങ്ങളിലൊന്നായി മാറുന്നതില്‍ അദ്ദേഹവും കുടുംബവും മുഖ്യഘടകമായിരുന്നു. വിവേകശാലികളുടെ ലക്ഷണമായ മിതഭാഷിത്വം അദ്ദേഹത്തിന് അലങ്കാരമായി വര്‍ത്തിച്ചു. അവസാനമായി കണ്ടപ്പോള്‍ രോഗത്തിന്റെ തീവ്രവേദന സഹിക്കുകയായിരുന്നു അദ്ദേഹം. എന്നിട്ടു പോലും സന്ദര്‍ശകരോട് പുഞ്ചിരിക്കാനോ സംസാരിക്കാനോ അദ്ദേഹം മറന്നു പോയില്ല; വേദന സഹിക്കുമ്പോഴും അദ്ദേഹത്തിന്റെ ശബ്ദം ആവശ്യത്തിലധികം ഉയര്‍ന്നില്ല.
ഏതെങ്കിലുമൊരു നാട് സാംസ്കാരികമായി മികച്ചതെന്ന് നാം പറയുന്നത് അതിലെ പൊതുജനങ്ങളുടെ പെരുമാറ്റരീതികളുടേതായ ഗ്രാഫിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചാണല്ലോ. നേരായ വഴിയിലൂടെ നയിക്കാനറിയുന്ന ഒരു നല്ല നേതൃത്വം നമുക്കുണ്ടായിരുന്നു; അതേ വഴിയില്‍ സന്തോഷത്തോടെ അനുഗമിച്ചിരുന്ന മികച്ച ഒരു അനുയായിവൃന്ദവും. ആത്മീയചൈതന്യം വഴിഞ്ഞൊഴുകുന്ന പ്രതിച്ഛായ നമ്മുടെ അങ്ങാടിക്കു നല്കിയ; ശുഭ്രവസ്ത്രധാരികളായ ആ മഹാജനങ്ങളാണ് ചേന്ദമംഗല്ലൂരിന്റെ യശസ്സുയര്‍ത്തിയത്. ദൈവം തങ്ങളില്‍ തൃപ്തിപ്പെട്ടിരിക്കുന്നു എന്നു ഖുര്‍ആനിലൂടെ അറിയിക്കപ്പെട്ട മഹാ ഭാഗ്യവാന്മാരായ സഹാബിവര്യന്മാരെ ഓര്‍മിപ്പിക്കുന്ന അനുയായിവൃന്ദമായിരുന്നു അത്- മാതൃദേശത്തിനു പ്രകാശമേകിയ വഴിവിളക്കുകള്‍. അവരിലൂടെയാണ് നാട് അതിന്റെ കുലീനതയും വിശുദ്ധിയും ഐശ്വര്യവും പ്രകാശിപ്പിച്ചിരുന്നത്. എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ആ വസന്തകാല പുഷ്പങ്ങളിലൊന്നാണ് മൊയ്തീന്‍കാക്കയുടെ മരണത്തിലൂടെ കൊഴിഞ്ഞുപോയത്. താഴ്വാരങ്ങളിലൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്ന ഏദന്‍ തോട്ടങ്ങള്‍ അവര്‍ക്കായി ഒരുങ്ങി നില്ക്കുന്നുണ്ടാകാം. ദൈവം അവന്റെ ഫിര്‍ദൌസിലെ ആരാമങ്ങളില്‍ അവരേയും നമ്മെയും ഒരുമിച്ചു കൂട്ടട്ടെ, ആമീന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
|