>> റമദാന്‍ വിട പറയുമ്പോ... >> വിശ്വാസി >> റംസാന്‍ രാവുകള്‍ >> ഓര്‍മ്മക്കുറിപ്പുക... >> ഓര്‍മ്മക്കുറിപ്പുക... >> പത്തിനൊന്ന് പതം
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്...
ബന്ധപ്പെടുക :9946318116 |
|
<< ഓര്‍മക്കുറിപ്പുകള്‍ ആദ്യഭാഗം
കാലക്രമേണ ഡി.വൈ.എഫ്.ഐ. നാട്ടില്‍ ശക്തമായി വരികയും എന്നോടുളള ഉപരോധം ക്രമേണ നീങ്ങുകയും ചെയ്തു. എന്റെ എതിര്‍ പ്രസ്ഥാനമായിരുന്ന എസ്.ഐ.ഒ. യുടെ യൂനിറ്റ് പ്രസിഡണ്ടായിരുന്ന ഞാന്‍ അന്നും ഇന്നും സ്നേഹിക്കുന്ന എന്റെ സുഹൃത്തായ മാടായി ശഫീഖ് ഒരു ദിവസം എന്നെ വിളിച്ചു സ്വകാര്യമായി പറഞ്ഞു. "സഖാവെ, നിങ്ങളോട് തേക്കുംപാലിയില്‍ വരെ ഒന്ന് ചെല്ലാന്‍ കെ.സി. പറഞ്ഞിട്ടുണ്ട്.'' എന്തിനാണെന്നോ, എപ്പോഴണെന്നോ അവന്‍ പറഞ്ഞില്ല, ഏതായാലും അന്ന് വൈകുന്നേരം തന്നെ ഞാന്‍ കെ.സിയെ കാണാന്‍ പോയി. വരാന്തയുടെ മൂലയിലുളള ഒരു മുറിയില്‍ കെ.സി. ഇരിക്കുന്നുണ്ട്. പ്രബോധനമാണെന്നു തോന്നുന്നു കൈയ്യില്‍ ഒരു വാരികയുണ്ട്. സലാം ചൊല്ലുന്ന പതിവ് അന്നൊന്നും ഇല്ലെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ സമുന്നത നേതാവല്ലേ, ഞാന്‍ സലാം ചൊല്ലി. അദ്ദേഹം സലാം മടക്കി. "എടോ, നീ എവിടെയാണ്. നിന്നെ കുറെ നാളായല്ലോ അന്വേഷിക്കുന്നത്.'' കെ.സി.
"ഇപ്പോള്‍ കൊടിയത്തൂരിലാണ് പണി. പിന്നെ പ്രകടനവും പൊതുയോഗവും ഒക്കെയായി കഴിഞ്ഞുപോകുന്നു.'' ഞാന്‍ മറുപടി പറഞ്ഞു.
ആദ്യത്തെ, 'എടോ' എന്ന വിളിയില്‍ ഒരു ആഢ്യമനോഭാവമല്ലേ എന്ന് എന്റെ മനസ്സ് ചോദിക്കാതിരുന്നില്ല. പിന്നീടാണ് സ്നേഹത്തോടെയാണ് അദ്ദേഹം ആ വിളി നടത്തുന്നതെന്ന് മനസ്സിലായത്.
അദ്ദേഹത്തിന്റെ വീട്ടില്‍ കുറച്ച് മരാമത്ത് പണിയുണ്ട്. അത് ചെയ്യണം അതിനാണ് എന്നെ വിളിപ്പിച്ചത്. ഞാന്‍ പറഞ്ഞു "ചെയ്യാം. അടുത്ത തിങ്കളാഴ്ച'' കെ.സി. സമ്മതിച്ചു. അത് മാറ്റരുതെന്ന താക്കീതും ഉണ്ടായി.

അടുത്ത തിങ്കളാഴ്ച തന്നെ പണിക്ക് പോയി. എന്റെ കൂടെയുണ്ടായിരുന്നവര്‍ പനങ്ങോട്ടുചാലില്‍ വത്സന്‍ ഒഴിച്ച് എല്ലാവരും പട്ടികജാതിക്കാരായിരുന്നു.ഞങ്ങള്‍ പണിയാരംഭിച്ചു. 10 മണിയായപ്പോള്‍ അകത്ത് ചായതയ്യാറായിട്ടുണ്ടെന്നും അത് കഴിക്കാന്‍ കെ.സി. ഞങ്ങളെ ക്ഷണിച്ചു. മറ്റുളളവരാരും അകത്തേക്ക് കയറിയില്ല, ഞാന്‍ കയറി. കെ.സി. ഭക്ഷണത്തിന്റെ അടുത്തിരിക്കുന്നു. "മറ്റുളളവരൊക്കെ എവിടെ?'' കെ.സി എന്നോട് ചോദിച്ചു. "അവര്‍ക്ക് കുറച്ച് പുറത്തേക്ക് കൊടുത്താല്‍ മതിയെന്ന് അവര്‍ പറഞ്ഞു.'' ഇത് ഞാന്‍ പറഞ്ഞതോടെ കെ.സി. എന്നോട് ഒരു സ്ഫോടനം തന്നെയാണ് നടത്തിയത്. "അവരോട് ഇങ്ങോട്ട് വരാന്‍ പറയൂ. എന്താണ് ഇവിടെയിരുന്നാല്‍ കുഴപ്പം?''
കേട്ടമാത്രയില്‍ ഞാന്‍ പുറത്തിറങ്ങി. കാര്യങ്ങള്‍ സഹപ്രവര്‍ത്തകരെ ധരിപ്പിച്ചു. ഏതായാലും പേടികൊണ്ടോ, ലജ്ജകൊണ്ടോ എന്താണന്നറിയില്ല, ഒരു പുതുപെണ്ണിന്റെ നാണത്തോടെ അവര്‍ ഓരോരുത്തരായി ഡൈനിംഗ് ഹാളിലെ മേശക്കുചുറ്റുംവന്നു നിന്നു.
കെ.സി അവരോട് ഇരിക്കാന്‍ പറഞ്ഞു. ഇരിക്കാന്‍ അവര്‍ക്ക് കഴിയാത്ത ഒരവസ്ഥയാണ് എനിക്ക് തോന്നിയത്. ഒരു സപ്പോര്ട്ട് എന്നോണം ഞാനും പറഞ്ഞു.
"ഇരിക്കി''
എല്ലാവരും ഇരുന്നു. ഭക്ഷണം എല്ലാം ഒരു സാനിലാണ്. വലിയ ഒരു ഡവറയില്‍ കറിയും. പിന്നെ ഗ്ളാസുകളില്‍ ചായയും. ഞാനാണ് പ്ളേറ്റുകള്‍ ഓരോരുത്തര്‍ക്ക് കൊടുത്തത്. കെ.സി.തന്നെ ഓരോരുത്തര്‍ക്കും നെല്ലുകുത്തരിയുടെ പുട്ട് പ്ളേറ്റുകളില്‍ വെച്ചുകൊടുത്തു. കറിയും അദ്ദേഹം തന്നെ ഒഴിച്ചുകൊടുത്തു.
ജോലിയും അതിന്റെ സാങ്കേതിക ചിന്തകളും മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും, ആ ചായ കുടിതൊട്ട് അന്ന് വൈകുന്നേരം വരെ എനിക്ക് അദ്ദേഹത്തിന്റെ മനസ്കതയെക്കുറിച്ചുളള ചിന്തകളായിരുന്നു. ചായിപ്പിലോ, അടുക്കളഭാഗത്തോ മറ്റോ പണിക്കാര്‍ക്ക് ഭക്ഷണം കൊടുക്കാതെ തന്നോടൊപ്പം പണിക്കാരും സഹജീവികളാണെന്ന മനോഭാവത്തോടെ വീട്ടിനകത്ത് പ്രവേശിപ്പിച്ച് സ്നേഹപൂര്‍വ്വം ഭക്ഷണം വിളമ്പിത്തരുന്ന അനുഭവം എനിക്ക് നടാടെയായിരുന്നു.
'ഇത്രയും വലിയ ഇസ്ളാമിക പണ്ഡിതന്‍ ഇത്രപെട്ടെന്ന് ഒരു കമ്മ്യൂണിസ്റായോ? അല്ലെങ്കില്‍ മതത്തില്‍ അതുമല്ലെങ്കില്‍ താന്‍ നയിക്കുന്ന പ്രസ്ഥാനത്തില്‍ ഇത്തരം ഒരു സമീപനം ഉണ്ടോ?' ചിന്തകള്‍ കാടുകയറി. എങ്കില്‍ എന്തുകൊണ്ട് മറ്റു പല വീടുകളിലും ഞാന്‍ ജോലിക്ക് പോയിട്ടുണ്ട്? പ്രസ്ഥാനക്കാരുടെയും ബന്ധുക്കളുടെയും അത്പോലെ എതിര്‍ചേരിയിലുളള ചേന്ദമംഗല്ലൂരിലെ മറ്റു മുതലാളിമാരുടെ വീട്ടിലും. പക്ഷെ, അതില്‍ നിന്നൊക്കെ, നൂറ് ശതമാനം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇത്.
വൈകുന്നേരം കൂലിതരുന്ന കാര്യത്തിലും ആ ഒരു കൃത്യം ഞാന്‍ കണ്ടു. പലപ്പോഴും ചില്ലറ ക്ഷാമംകൊണ്ട് 50 ഉം 100 എന്റെ കൈയ്യില്‍ ബാക്കിയാവുകയായിരുന്നു.
അതുവരെ നാട്ടിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കെ.സി സഗൌരവം കാണുകയും അതിനെതിരെ തൂലികയും വാക്കുകളും ഉപയോഗിച്ച് തടയിടാന്‍ ശ്രമിച്ചു. ഈ കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുളളതായി ഞാന്‍ പറഞ്ഞു കേട്ടിട്ടില്ല.
ഏതായാലും അന്നുവരെ കെ.സി ഒരു മതമൌലിക വാദിയായിരുന്നു എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. കെ.സിയില്‍ ഞാന്‍ അന്നു കണ്ട സോഷ്യലിസ്റിനെപോലെ മറ്റൊരു മതപ്രബോധകരെയോ മുതലാളിമാരെയോ ഈ നാട്ടില്‍ പിന്നീട് ഞാന്‍ കണ്ടിട്ടുമില്ല.
ജനകീയനായ കെ.സിയെ ഞാന്‍ മറ്റൊരു വേളയിലും അഭിമുഖീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഒരു മകന്റെ വീടിന്റെ രണ്ടാം നില പണിയാന്‍ വേണ്ടി കെ.സി തന്നെ എന്നെ നേരിട്ടേല്‍പ്പിച്ചു. (ഏത് മകനെന്ന് ഞാന്‍ ഇവിടെ മനഃപൂര്‍വ്വം മറക്കുന്നു.)ഞാനും എന്റെ സഹപ്രവര്‍ത്തകരും ജോലിക്കായി ആ വീട്ടിലെത്തി. അത് നല്ല ഒരു മഴക്കാലത്തായിരുന്നു.
ജോലിതുടങ്ങാന്‍ തറയുടെയും താഴെയുളള മുറികളുടെയും അളവുകള്‍ എനിക്കാവശ്യമായിരുന്നു . എന്നാല്‍ അളവെടുക്കാന്‍ ചെന്നപ്പോള്‍ വീടിന്റെ അകത്തേക്ക് കടക്കുന്നത് വീട്ടുടമസ്ഥ വിലക്കി. അത് കൊണ്ട് തന്നെ എനിക്ക് ജോലി തുടരാനും കഴിഞ്ഞില്ല. ഞാനും സഹപ്രവര്‍ത്തകരും തിരിച്ചുപോന്നു. വൈകുന്നേരമാണ് കെ.സി വിവരം അറിയുന്നത്. ഉടനെത്തന്നെ ആളെയയച്ചു എന്നെ വിളിപ്പിച്ചു.
"എടോ, എന്തുകൊണ്ടാണ് ഇന്ന് പണിതുടങ്ങാത്തത്?'' കെ.സിയുടെ ചോദ്യം.
"എനിക്ക് മുകളിലെ പണിചെയ്യണമെങ്കില്‍ താഴത്തെ മുറികളുടെയും അകത്തുളള ബീമുകളുടെയും ഫില്ലറുകളുടെയും അളവുകള്‍ കിട്ടണം. വീട്ടിന് അകത്ത് കടക്കാതെ അത് ചെയ്യാന്‍ എനിക്ക് കഴിയില്ല'' ഞാന്‍ മറുപടി പറഞ്ഞു.
"ആരോ പറഞ്ഞോ അകത്ത് കടക്കണ്ടാന്ന്?'' കെ.സി വീണ്ടും
"വീട്ടുടമസ്ഥ''-ഞാന്‍.
കെ.സി. ആ മുറിയിലുളള ടെലിഫോണ്‍ കറക്കി. അങ്ങേ തലക്കല്‍ ഒരു കുട്ടിയാണ് ഫോണെടുത്തതെന്ന് ആ സംഭാഷണത്തില്‍ നിന്നും എനിക്ക് മനസ്സിലായി.
"ഉമ്മാനോട് വേഗം ഇവിടെ വരാന്‍ പറ'' കെ.സി.ഫോണ്‍ വെക്കുകയും ചെയ്തു.
ഞാന്‍ കോലായിലിരുന്നു. അപ്പോഴത്തേക്കും ചായ കൊണ്ടുവന്നു. ചായകുടിച്ചു കഴിഞ്ഞപ്പോള്‍ ആഗത സമാഗതയായി.
സലാം ചൊല്ലിയാണ് തന്റെ ഭര്‍തൃപിതാവിനെ അഭിമുഖീകരിച്ചത്. സലാം ഞാനും കൂടി കൂട്ടി മടക്കി.
മാള്‍ബിള്‍ പാകിയ കോലായിലേക്ക് വിരല്‍ ചൂണ്ടി കെ.സി. അവരോട് പറഞ്ഞു.
"നോക്കൂ ഇതിനടിയില്‍ നിറയെ മണ്ണും ചളിയും ഒക്കെയാണ്. ഈ വീട് പണിതത്, വിച്ചുണ്ണന്‍ എന്ന് പേരുളള ഒരുഹരിജനായിരുന്നു. അവരെ അല്ലാഹു അത് പണിയാന്‍ നിയോഗിച്ചു. അവരത് ചെയ്തു. ഇപ്പോള്‍ ഞാന്‍ സുഖമായി ഈ വീട്ടില്‍ കഴിയുന്നു. ഈ ലോകത്ത് ഇന്ന് കാണുന്ന എല്ലാ കോട്ടകൊത്തളങ്ങളും അംബരചുബികളായ കെട്ടിടങ്ങളും ഇവനെപ്പോലെത്തെ (എന്നെ ചൂണ്ടി) ആളുകള്‍ പണിതതാണ്.'' അര മണിക്കൂര്‍ നീണ്ട ആ സംസാരത്തിലൊന്നും തൊഴിലാളികള്‍ എന്നോ പണിക്കാരന്‍ എന്നോ കെ.സി ഉപയോഗിച്ചില്ല. അത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
"ഇനി നീ പറയൂ; നിന്റെ പണി എടുക്കണോ'' കെ.സി ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
"എടുക്കണം, നാളെതന്നെ വന്നോട്ടെ'' ആ മരുമകള്‍ അദ്ദേഹത്തോട് പറഞ്ഞു.
പിന്നെ കെ.സി. എന്നോടായി- "നീ നാളെ തന്നെ വരണം. അവിടെ ഒരു പ്രശ്നവും നിനക്കുണ്ടാവില്ല. അവരൊക്കെ മറ്റു പലനാടുകളില്‍ നിന്നും വന്നവരല്ലെ പൊറുത്തു കളയണം.''
ശരി എന്ന് പറഞ്ഞു ഞാന്‍ അങ്ങാടിയിലേക്ക് പോയി.
പിറ്റേന്ന് ആ വീട്ടില്‍ ജോലിക്ക് ചെന്നപ്പോള്‍ കിട്ടയ സ്വീകരണം നാളിതുവരെ എനിക്ക് മറ്റൊരിടത്ത് നിന്നും കിട്ടിയിട്ടില്ല. ആ വീട്ടിലെ വാതിലുകള്‍ ഞങ്ങള്‍ വന്നാല്‍ വൈകുന്നേരം വരെ തുറന്നുകിടക്കും. ഭക്ഷണവും വെളളവും ചായയും ഞങ്ങളുടെ ഇഷ്ടത്തിനൊത്ത് അവരെത്തിക്കുകയും ചെയ്തു. വളരെ ഭംഗിയായി ഉത്തരവാദിത്തോടെ ആ പണി ഞങ്ങള്‍ തീര്‍ത്തുകൊടുക്കയും ചെയ്തു.
ഒരു ചോദ്യം ചെയ്യലോ, ഒരാക്ഷേപമോ അല്ല ആ മരുമകളോട് കെ.സി ചെയ്തത്. കേവലം ഒരു യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തത്, എത്ര ഭംഗിയാണ് അവര്‍ അത് ഉള്‍ക്കൊണ്ടത്. ഇങ്ങനെ പ്രശ്നങ്ങളെ സമീപിക്കുവാനും പരിഹരിക്കാനും കുറച്ച് ധൈഷണികതയൊന്നും പോര.
1994 ല്‍ ഫെബ്രുവരിയില്‍ ഡി.വൈ.എഫ്.ഐ. യുമായി ഒരു അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും അതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഞാന്‍ തീരുമാനിച്ചു. ഒരു മാസക്കാലം ആര്‍ക്കും പിടികൊടുക്കാതെ അന്തരീക്ഷം നിരീക്ഷിച്ചു. അവസാനം എസ്.ഐ.ഒ.യുടെ വാരാന്തയോഗത്തിലേക്ക് കയറിചെന്നു. അന്ന് ശഫീഖായിരുന്നു പ്രസിഡണ്ട്. സലാം ചൊല്ലി കയറി. ഇരിക്കാന്‍ പറഞ്ഞു. ഒരു അമ്പരപ്പായിരുന്നു അംഗങ്ങള്‍ക്കെല്ലാം മുഖവുരയില്ലാതെ തന്നെ ഞാന്‍ പറഞ്ഞു. "അങ്ങാടിയിലുളള നിങ്ങള്‍ വെച്ച ബോര്‍ഡ് കണ്ടാണ് ഞാന്‍ വന്നത് 'ഏവര്‍ക്കും സ്വാഗതം' എന്നാണ് അതില്‍ എഴുതിവെച്ചിരുന്നത്. ആ 'ഏവരില്‍' ഒരാളല്ലെ ഞാനും?''
അങ്ങനെ ഞാന്‍ അവരുമായി സഹകരിച്ചുവരുന്നതിനിടക്കാണ് ഒരു ചെറിയപെരുന്നാള്‍ വരുന്നത്. അന്ന് ഫിത്വ്ര്‍ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യുന്നവരില്‍ കെ.സിയുടെ നിര്‍ദേശപ്രകാരം എന്നെയും സകാത്ത് കമ്മറ്റി ചേര്‍ത്തു. കുറ്റമറ്റരീതിയില്‍ തന്നെ ആ കൃത്യം നിര്‍വ്വഹിക്കാന്‍ ഞാന്‍ വാശിപിടിച്ചപ്പോള്‍ അന്നുണ്ടായിരുന്ന (അല്ലെങ്കില്‍ അതുവരെ കൈകാര്യം ചെയ്തിരുന്ന) ചിലരുമായി അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും അവര്‍ പോവുകയും ചെയ്തു. വിവരങ്ങള്‍ കെ.സിയുടെ അടുത്ത് ആരോ എത്തിച്ചു. കെ.സി. എന്നെ വിളിപ്പിച്ചു. എന്റെ നിലപാട് ഞാന്‍ ഓരോന്നായി വിശദീകരിച്ചു. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അത് കേട്ടുനിന്നത് എനിക്ക് അത്ഭുതമായി തോന്നി. എന്റെ വാദം പൂര്‍ത്തിയായ ശേഷം അദ്ദേഹം എന്നെ ആശ്ളേഷിച്ചു കൊണ്ട് പറഞ്ഞു ഇനി മുതല്‍ നിനക്കു വേണ്ടപ്പെട്ടവരെ നീ തെരെഞ്ഞെടുത്ത് ആ കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക. അല്ലാഹു നിന്നെ അനുഗ്രഹിക്കും.
രണ്ടുമാസം കഴിഞ്ഞില്ല, അല്ലാഹു എന്നെ അനുഗ്രഹിച്ചു. കെ.സിയുടെ മൂത്തമകന്‍ മൊയ്തീന്‍ കോയ സാഹിബിന്റെ ശക്തമായ ഇടപെടലും മഹാമനസ്കതയും അല്ലാഹുവിന്റെ അനുഗ്രഹവും കൊണ്ടാണ് ഞാനിന്ന് ഈ നിലയിലെത്തിയത്. അല്‍ ഹംദുലില്ലാഹ്. അത് എവിടെ പറയാനും എനിക്ക് മടിയുമില്ല; കുറവുമില്ല.
കോഴിക്കോട്ട് കാലിക്കറ്റ് നഴ്സിംഗ് ഹോമില്‍ നിന്നും മെഡിക്കലിന് പോയപ്പോള്‍, കണ്ണ് കോങ്കണ്ണാണെന്ന് പറഞ്ഞത് കാരണം നിരാശനായി തിരിച്ചു പോകുമ്പോള്‍ മൊയ്തീന്‍ കോയ എന്നെ പിടിച്ചുകൊണ്ടുപോയി 'അവന് കണ്ണ് കാണുന്നുണ്ടോ ഡോക്ടര്‍' എന്ന് ചോദിച്ചപ്പോഴാണ് അവരെന്നെ ദേഹപരിശോധനക്ക് തയ്യാറയത്. ആ ഒരിടപെടല് ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിന്റെ ഗ്രാഫ് മറ്റൊന്നായേനെ.
ആനയും അമ്പാരിയും ഒന്നുമില്ലെങ്കിലും ശീതള ഛായയില്‍ അല്ലെങ്കിലും എന്റെ ദൈനംദിന കാര്യങ്ങള്‍ ഭംഗിയായി നടന്നു പോകുന്നു. ഞാന്‍ അതില്‍ നൂറ് ശതമാനവും സംതൃപ്തനുമാണ്, ദൈവത്തിന് സ്തുതി. ഞാനും എന്റെ കുടുംബവും കെ.സി. എന്ന മഹാമനുഷ്യനോടും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോടും എന്നും കടപ്പെട്ടിരിക്കുന്നു. അല്ലാഹു അവരെ അനുഗ്രഹിക്കുമാറാകട്ടെ.
[ഓര്‍മക്കുറിപ്പുകള്‍ ആദ്യഭാഗം]
നിങ്ങളുടെ അഭിപ്രായങ്ങള്‍
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
|