സൂറുംകുറ്റിയുടെ വെളിച്ചവും അത്തറിന്‍ പരിമണവുമായി പെരുന്നാ‍ള്‍

ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍

[കുഞ്ഞാലി മാസ്റ്റ്റുടെ ഉമ്മ മറിയുമ്മാച്ചി കുട്ടിക്കാലത്തെ പെരുന്നാള്‍ ഓര്‍മ്മകള്‍ പങ്കു വെക്കൂന്നു]

>>  നര്‍മ കഥകളുടെ... 
>>
 ജീവിതപച്ചപ്പിന്‌ പപ്പടവുമായി
>>
 ഇരട്ടത്തലച്ചി ബുള്‍ബുള്‍
>>
 മേയ് റാണിപൂക്കള് 
പെരുന്നാ‍ളിന്റെ സുബ്‌ഹിക്ക്‌ അയല്‍പക്കത്തെ പെണ്ണുങ്ങളുമൊത്ത്‌ സൂറുംകുറ്റിയുടെ വെളിച്ചത്തില്‍ കുളിക്കാന്‍ പോകലും, ഉമ്മയുണ്ടാ‍ക്കിയ രുചിയേറും മൂരിയിറച്ചിയുടെ മണവും നാവിന്‍തുമ്പില്‍ മാഞ്ഞുപോകാതെ നില്‍ക്കുകയാണ്‌. കടാരിത്തുണിയിലെയും നറുക്കണി കുപ്പായത്തിന്റെയും കസവ്‌ തട്ടത്തിന്റെ മുകളില്‍ പൂശിയ ജന്നാത്തുല്‍ ഫിര്‍ദൗസിന്റെയും അത്തര്‍ പരിമളം പെരുന്നാ‍ള്‍ ഓര്‍മകളുടെ തീരങ്ങളില്‍ അലകളായി വീശുന്നു‍.  

ോമ്പ്‌ 28 ആവുമ്പോഴേക്കും പെരുന്നാ‍ളിന്റെ കാത്തിരിപ്പാണ്‌. ശവ്വാല്‍ മാസ അമ്പിളി മാനത്ത്‌ തെളിഞ്ഞാല്‍ അയല്‍ക്കാരികളായ പെണ്‍കുട്ടികളുമൊത്ത്‌ തക്ബീര്‍ ചൊല്ലി വീടുകളില്‍ ഓടിനടന്നിരുന്ന കാലമായിരുന്നു‍ അത്. ഉറങ്ങാത്ത രാവായിരുന്നു‍ പെരുന്നാ‍ള്‍ രാവ്‌. സുബ്‌ഹ് ബാങ്കിന്റെ അല്‍പം മുമ്പ്‌ നേരത്തെ ഒരുക്കിവെച്ച ഓട കൊണ്ടു‍ള്ള സൂറുംകുറ്റിയില്‍ മണ്ണെണ്ണ നിറച്ച്‌ തീകൊളുത്തി കോട്ടായ്കല്‍ കടവിലേക്ക്‌ എണ്ണ പുരട്ടി‍ പുത്തന്‍ സോപ്പും, താളിയുമായി കുളിക്കാന്‍ പോകും. കൂട്ടിന്‌‌ ഉമ്മയും ജേഷ്ടത്തിമാരും അയല്‍വാസി പെണ്‍കുട്ടികളുമൊക്കെയുണ്ടാ‍വും.

സൂര്യവെളിച്ചം വീശുന്നതിന്‌ മുമ്പുള്ള കുളി കഴിഞ്ഞ്‌ മടക്കയാത്രയും മനസ്സില്‍ തിരതല്ലുകയാണ്‌‌. കാലത്തിന്റെ മാറ്റം പുഴയിലേക്കുള്ള കുളിയാത്ര അന്യമായിക്കഴിഞ്ഞു. കണ്ണഞ്ചേരി മറിയുമ്മ എന്ന മറിയുമ്മാച്ചി 75 വര്‍ഷം മുമ്പുള്ള പെരുന്നാ‍ള്‍ ആഘോഷ ഓര്‍മകളിലൂടെ അയവിറക്കുന്നു. പരേതനായ പി.ടി മാഷുടെ ഭാര്യയാണ്‌ മറിയുമ്മ.പി ടി കുഞ്ഞാലി മാഷുടേയും യൂനുസിന്റേയും ഉമ്മയാണ്‌ ഇവര്‍.

പുതുവസ്ത്രങ്ങളണിഞ്ഞു സുബ്‌ഹി നമസ്കാരം നിര്‍വഹിക്കും. തുടര്‍ന്ന് വീട്ടുകാരെല്ലാം ഒരു മേശയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിക്കും. ചായയോടൊപ്പം കുഴലില്‍ പരത്തിയ പത്തിരിയും വരട്ടി‍യ മൂരിയിറച്ചിയും കഴിക്കും. മല്ലിയും മുളകും അമ്മിയില്‍ അരച്ചായിരുന്നു‍ മൂരിയിറച്ചി കറിവെച്ചിരുന്നത്‌. ആ രുചി ഇന്നത്തെ പെരുന്നാ‍ള്‍ വിഭവങ്ങളിലെ ഇറക്കികറികള്‍ക്ക്‌ ലഭിക്കുന്നില്ല. കൃത്രിമ രുചി പൗഡറുകളും മില്ലുകളില്‍ പൊടിച്ചെടുക്കുന്ന പൊടിയുമൊക്കെ മറിയുമ്മാച്ചി ചൂണ്ടി‍ക്കാട്ടി‍.

ഉമ്മയാണ്‌ പെരുന്നാ‍ള്‍ നമസ്കാരത്തിന്‌ ഞങ്ങള്‍ക്ക് ഇമാമായിരുന്നത്‌. അയല്‍പക്കത്തെ സ്ത്രീകളും പങ്കെടുത്തിരുന്നു‍. ആണുങ്ങളൊക്കെ അങ്ങാടിയിലെ പള്ളിയിലേക്ക്‌ നമസ്കാരത്തിനായി പോകും. 11 മണിയോടെ എല്ലാവരും തിരിച്ചെത്തും. അപ്പോഴേക്ക് പെരുന്നാ‍ള്‍ വിഭവങ്ങളായി തേങ്ങാച്ചോറും ഇറച്ചിക്കറിയും പറമ്പില്‍ നിന്ന്‌ കൊത്തിയെടുത്ത പച്ചക്കായയുടെ ഉപ്പേരിയുമൊക്കെ തയ്യാറായിരിക്കും. അല്‍പം ഗോതമ്പിന്റെ രൂചിയേറും പായസവും ഒരുക്കാറുണ്ട്. വീട്ടു‍കാരെല്ലാവരുമൊത്ത്‌ ഉച്ചഭക്ഷണം കഴിക്കാം. പെരുന്നാള്‍ ആഘോഷത്തിന്‌ 'കുളിച്ച് കഴിക്കല്‍' എന്നാണ്‌ പറയുക.

ഇങ്ങനെയുള്ള 'കുളിച്ച്‌ കയ്ക്കല്‍' ആഘോഷത്തിന്‌ ഉച്ചയോടെ സമാപനമാവും. ഉച്ച കഴിഞ്ഞാല്‍ പുതിയാപ്ലമാരെ തേടിപോകലാണ്‌ പതിവ് രീതി. വീട്ടി‍ലെ ഏറ്റവും ഇളയമകളാണ്‌ 'തേടിപ്പോക്ക്‌' നടത്താറ്‌. ഞാന്‍ ചെറിയ മകളായിരുന്നതിനാല്‍ ജേഷ്ടത്തിമാരുടെ പുതിയാപ്ലമാരെ വിരുന്നി‍നു ക്ഷണിച്ചുള്ള തേടിപ്പോക്ക്‌ ചെറുവാടിയിലേക്കാണ്‌ നടത്തിയിരുന്നത്‌. രാത്രി നെയ്ച്ചോറും കോഴിയുമൊക്കെ നല്‍കി സല്‍ക്കാരം നടക്കും. പുതിയാപ്ലമാരെല്ലാം രാത്രി തങ്ങി രാവിലെ വീടുകളിലേക്ക്‌ തിരിച്ചുപോകും.

പെരുന്നാ‍ളിന്റെ ഓര്‍മകളിലെ മറക്കാത്ത ഒരു സംഭവമുണ്ട്. എല്ലാവര്‍ക്കും മെയിലാഞ്ചിയിലകള്‍ കിട്ടി‍യപ്പോള്‍ എനിക്ക്‌ ഇല കിട്ടാ‍തെ ഞാന്‍ പിണങ്ങി. അക്കാരണത്താല്‍ പെരുന്നാള്‍ ഭക്ഷണം കഴിഞ്ഞാതെ മാറി നിന്നപ്പോള്‍ വാപ്പ അയല്‍പക്കത്തെവിടെയോ പോയി മെയിലാഞ്ചി ഇലകള്‍ ഊരിയെടുത്ത്‌ കൊണ്ടു ‍വന്നു. തുടര്‍ന്നാ‍ണ്‌ വീട്ടു‍കാരെല്ലാം ഉച്ചഭക്ഷണം കഴിച്ചത്‌. ഓരോ പെരുന്നാ‍ളിലും ഈ സംഭവം മൊയിലാഞ്ചിയിടലിനിടക്ക് ഓര്‍ത്ത്‌ പോകുന്നു‍. അക്കാലത്ത്‌ കൂട്ടു‍കാരെല്ലാവരും മയിലാഞ്ചി ചെടികള്‍ തേടിയുള്ള നെട്ടോട്ടത്തിലായിരിക്കും. പലര്‍ക്ക്‌ കിട്ടാതെയും വരാറുണ്ട്.

ഇത്തരം മയിലാഞ്ചി ഇലകള്‍ അമ്മിയില്‍ അരച്ച്‌ ചക്ക വിളഞ്ഞിയില്‍ പുള്ളി കത്തിയാണ്‌ ഇരു കൈകളുടെയും മൊഞ്ച്‌ കൂട്ടി‍യിരുന്നത്‌. കുപ്പിവളകളിട്ട കൈകളിലെ മെയിലാഞ്ചിയുടെ സുഗന്ധം ഓര്‍ത്ത്‌ പോകുകയാണ്‌. എന്നാ‍ല്‍ ഇന്നത്തെ പോലെ കൃത്രിമ റെഡിമേഡ്‌ മയിലാഞ്ചി പൊടിയുപയോഗിച്ചുള്ള പുള്ളി കുത്തല്‍ നല്ലതല്ല. അതിന്റെ മണമാകട്ടെ മനസ്സിന്‌ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇപ്പോഴത്തെ പെരുന്നാ‍ള്‍ ആഘോഷങ്ങള്‍ പഴമയുടെ സംഭവങ്ങളെ പോലെ ഓര്‍ത്ത് വെക്കാന്‍ പറ്റുന്നവയല്ല. എല്ലാം റെഡിമെയ്ഡ്‌ സംവിധാനത്തിലാണ്‌ നടക്കുന്നത്‌. എന്നാല്‍ നമസ്കാരത്തിന്‌ പള്ളിയില്‍ പോകാനുള്ള ഇന്നത്തെ സൗകര്യങ്ങള്‍ മനസ്സിന്‌ അതിരറ്റ സന്തോഷമാണുണ്ടാക്കുന്നത്‌.

തയ്യാറാക്കിയത്‌ : ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍.
സഹായം : അയാസ്


നിങളുടെ അഭിപ്രായങള്‍
Unable to connect to mysql server: localhost