ജേര്‍ണലിസം ശില്പശാല (25/4/2011)




ജിദ്ദ: ചേന്നമംഗലൂര്‍ ഇസ്ലാഹിയ അസോസിയേഷന്‍ അലുംനി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ജേര്‍ണലിസം ശില്പശാല ജിദ്ദയില്‍ നടന്നു. വനിതകള്‍ അടക്കം 60  പേര്‍ പങ്കെടുത്ത ശില്പശാല വേള്‍ഡ് അസ്സെംബ്ലി ഓഫ് മുസ്ലിം യൂത്ത്‌സ് (WAMY) അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബാദഹ്ദഹ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത രീതികല്‍ക്കപ്പുറം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ ബഹുജനങ്ങളുടെ വന്‍ പങ്കാളിത്തമാര്‍ജ്ജിച്ചിരിക്കുന്ന മാധ്യമ മേഖല, മാറ്റത്തിന്‍റെ വന്‍ ചാലകശക്തിയായി മാറിയെന്നും സമൂഹത്തിനു ശരിയായ ദിശാബോധമേകാന്‍ വര്‍ത്തമാനകാല ചുറ്റുപാടില്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം ഉണര്‍ത്തി.
ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡണ്ടും മാധ്യമം എഡിറ്ററുമായ ജ. ഒ അബ്ദുറഹ്മാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. മറ്റെല്ലാ രംഗങ്ങളിലും ഉള്ളതുപോലെ മാധ്യമ രംഗത്തും നടമാടുന്ന അഹിതകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാധ്യമ ലോകത്തുനിന്ന് തന്നെ തിരുത്തലുകള്‍ രൂപപ്പെടുന്ന പ്രവണതയ്ക്ക് കരുത്തു പകരാന്‍ ഈ രംഗത്തേക്ക് കടന്നുവരുന്നവരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ആവേശവും അതോടൊപ്പം അപകടങ്ങളും പതിയിരിക്കുന്ന പത്രപ്രവര്‍ത്തന രംഗം പ്രവാസി യുവതലമുറയ്ക്ക് ആകര്‍ഷകമായി മാറുന്നതായി ശില്പശാല വിലയിരുത്തി. വാര്‍ത്തയുടെ വതായനങ്ങല്‍ തുറന്ന ശില്പശാല പരിചയ സമ്പന്നരായ പത്രപ്രവര്‍ത്തകര്‍ക്കും, എഴുത്തിന്‍റെ വഴിയില്‍ തിളങ്ങാനാഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും ഒരുപോലെ ആസ്വാദ്യവും ഹൃദ്യവുമായിരുന്നു. ജിദ്ദയിലെ പ്രശസ്ത പത്രപ്രവര്‍ത്തകരായ കാസിം ഇരിക്കൂര്‍ (ഇന്റര്‍വ്യൂവും റിപ്പോര്‍ട്ടിങ്ങും), എം എ സജിത്ത് (പത്രപ്രവര്തനത്തിനൊരു ആമുഖം), പ്രൊഫ. സുധാകരന്‍ (രചനാ പാടവം), ഹസ്സന്‍ ചെറൂപ്പ (ഇന്‍ഹൗസ് റിപ്പോര്‍ട്ടിംഗ്) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എം ഡി മുഹമ്മദ് അലി വി പി, മൂസക്കുട്ടി വെട്ടിക്കാട്ടിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇര്‍ഷാദ് (സിജി) കമ്മ്യൂണിക്കേഷന്‍ ഗെയ്മിനു നേതൃത്വം നല്‍കി. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

ഇസ്മായില്‍ വി കെ ഖിറാഅത്ത് നടത്തി. അലുംനി പ്രസിഡന്റ് ഇബ്രാഹിം ശംനാട് അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ പുല്ലന്‍ങ്കോട്, സൈഫുദീന്‍, ഷമീം വീ,കെ, അനീസ്‌ പൊന്നാനി, നസരുല്ല കടവത്ത്‌, നൌഷാദ് പേരാമ്പ്ര, അബ്ദുറഷീദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി . ശില്പശാല ഡയറക്ടര്‍ പി കെ അബ്ദുല്‍ ഗഫൂര്‍(അറബ് ന്യൂസ്‌) സ്വാഗതവും എന്‍ കെ അബ്ദുറഹീം നന്ദിയും പറഞ്ഞു. അക്ബര്‍ പൊന്നാനി ശില്പശാല നിയന്ത്രിച്ചു

 


ഫിര്‍ദൗസ് കലാ-സാംസ്കാരിക സംഗമം(3/5/2011)





പുതുമകള്‍ നിറഞ്ഞ കലാപ്രകടനങ്ങളും വൈജ്ഞാനിക സദസ്സും കുടുംബ സംഗമവും മാറ്റുകൂട്ടുന്ന ഫിര്‍ദൗസ് കലാ-സാംസ്കാരിക സംഗമം ഞായറാഴ്ച കിഴക്ക് മുറിയില്‍ നടക്കും.പരിപാടിയോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ മത പ്രഭാഷണ പരമ്പരക്ക് ബുധനാഴ്ച തുടക്കം കുറിക്കും.അബ്ദുല്ലത്തീഫ് മൗലവി ബസ്മല,അന്‍സാര്‍ പരപ്പന്‍ പൊയില്‍,എം.എ അബ്ദുസ്സലാം മൗലവി തുടങ്ങിയവരാണ്‌ പ്രഭാഷകര്‍.
ഈ മാസം എട്ടിന്‌ രാവിലെ 9.30 ന്‌ നടക്കുന്ന കുടുംബ സംഗമത്തില്‍ സി.വി മുഹമ്മദ്(സിജി) ക്ലാസ്സെടുക്കും.വൈകീട്ട് അഞ്ച് മണിക്ക് കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറും.ഏഴുമണിക്ക് സലാം കൊടിയത്തൂര്‍ കലാസംഗമം ഉദ്ഘാടനം നിര്‍‌‌വ്വഹിക്കും.ഇ.എന്‍ അബ്ദുല്ല മൗലവി അധ്യക്ഷത വഹിക്കും.നാട്ടില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരുടെ ഒത്തു ചേരല്‍ കൂടെ നടക്കും.പട്ടുറുമാല്‍ ക്യാമ്പസ് പ്ലസ്സില്‍ പങ്കെടുക്കുന്ന നബ ഷെബിന്റെ നേതൃതത്തിലുള്ള ഗാനമേള, കോല്‍ക്കളി,ദഫ്ഫ് മുട്ട്,ഒപ്പന,സ്കിറ്റ് തുടങ്ങിയ പരിപാടികള്‍ അരങ്ങേരും.

 
 


2011 cmr on web Chennamangallur News chennamangaloor GMUP school