മരണം : എടക്കണ്ടി അബ്ദുള്ള (17-11-2012)


തലയില്‍ മരം വീണു അബോധാവസ്ഥയില്‍ ആയിരുന്ന എടക്കണ്ടി അബ്ദുള്ളാക്ക മരണപ്പെട്ടു. ശരിയാഴച്ച ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. നാട്ടില്‍ അവശേഷിക്കുന്ന മുഴു സമയ കര്‍ഷകരില്‍ പ്രമുഖനായിരുന്നു പരേതന്‍. കൃഷിയുടെ മുഴു മേഖലയിലും ഇടപെടുന്ന ഇദ്ദേഹം പശുവിന് നല്‍കാനുള്ള തീറ്റയുമായി വരുമ്പോള്‍ അശ്രദ്ധമായി മുറിച്ചിട്ട മരത്തിനടിയില്‍ പെട്ടു പോവുകയായിരുന്നു.

കാലത്തെപ്പഴിച്ചും വരവുചെലവുകള്‍ കൂട്ടിക്കിഴിച്ചും ഓരോരുത്തരായി കാര്‍ഷികവൃത്തി കൈവിടുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ കൃഷിയില്‍ ഉറച്ചുനിന്ന അബ്ദുല്ല ഹാജിയുടെ വിയോഗം നാടിന്‍െറ നഷ്ടമായി. നെല്ല്, വാഴ, തെങ്ങ്, കമുക്, ക്ഷീരം തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. വിലത്തകര്‍ച്ചയോ കാലാവസ്ഥാ ഭേദങ്ങളോ അദ്ദേഹത്തെ തളര്‍ത്തിയില്ല.നാടന്‍ വിത്തിനങ്ങള്‍ അന്യംനിന്നുപോകുമ്പോഴും അദ്ദേഹത്തിന്‍െറ കലവറയില്‍ പരമ്പരാഗത വിത്തിനങ്ങള്‍ സുലഭം. വയനാടന്‍ ഇരുപ്പൂനിലങ്ങളിലും കുട്ടനാടന്‍ പാടശേഖരങ്ങളിലും യാത്രചെയ്ത് അദ്ദേഹം തനത് വിത്ത് ശേഖരിച്ചിരുന്നു.

അനുഭവത്തിലൂടെ ആര്‍ജിച്ച കാര്‍ഷിക വിജ്ഞാനം അദ്ദേഹം പുതുതലമുറക്ക് കൈമാറി. നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാലയങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് കാര്‍ഷിക ജ്ഞാനം സ്വന്തമാക്കി. വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായ പുല്ല് ഇരുവഴിഞ്ഞിയുടെ തീരങ്ങളില്‍ അദ്ദേഹം സ്വന്തമായി കൃഷിചെയ്തു. കാര്‍ഷിക മേഖലയിലെ സമര്‍പ്പണത്തെ മുന്‍നിര്‍ത്തി കഴിഞ്ഞവര്‍ഷം ഗ്രാമപഞ്ചായത്ത് അദ്ദേഹത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. പശുക്കള്‍ക്ക് പുല്ലുമായി വരവെ തലയില്‍ മരംവീണ് ഒരാഴ്ചയായി അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച 12 മണിയോടെയായിരുന്നു മരണം. മയ്യിത്ത് നമസ്കാരത്തിന് വന്‍ ജനാവലി ഒത്തുകൂടി.


Tags : Chennamangallur Edakandy Abdulla

 
 
2012 Chennamangaloor on Web