|
|
ചെന്ദമംഗല്ലൂരില്‍ വികസന വിവാദം
(26-12-2012)
നാട്ടുകാര്‍ പ്രതീക്ഷിച്ചതിനുമപ്പുറത്തുള്ള വികസനം സര്‍ക്കാര്‍ ചിലവില്‍ നടപ്പാക്കുന്നത് കേരളത്തെ സമരഭൂമിയാക്കി മാറ്റിയെടുത്തിട്ടുണ്ട്. കക്കാട് കടവില്‍ വരാന്‍ പോകുന്ന 'വലിയ' പാലവും ജനങ്ങളില്‍ ഇതിനകം വലിയ ആശങ്കകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. വലിയ പെരുന്നാളിന് ശേഷം GMUP സ്കൂളില്‍ ഇരുപതോളം ആളുകള്‍ ചേര്‍ന്ന യോഗത്തിലാണ് മംഗലശേരി തോട്ടം-കക്കാട് പാലം ആദ്യമായി പൊതു ചര്‍ച്ചക്ക് വിധേയമാകുന്നത്. പാലം വരുന്നതോടെ മംഗലശ്ശേരി ഗ്രൗണ്ട് എന്നന്നേക്കുമായി ഇല്ലാതാവുമെന്ന് ഞെട്ടിക്കുന്ന വാര്‍ത്തയും അന്നാണ് പുറത്തു വരുന്നത്. ഗ്രൗണ്ട് നഷ്ടപ്പെട്ടുകൊണ്ട് പാലം വരാന്‍ പാടില്ലെന്ന് നല്ലൊരു വിഭാഗം ആളുകളും വാദിച്ചു. അതു പോലെ തന്നെ, 'വികസനത്തിന്റെ' നഷ്ടം മുഴുവന്‍ മംഗലശ്ശേരി തോട്ടം നിവാസികള്‍ വഹിക്കുകയും, കാക്കാട് പ്രദേശവാസികളില്‍ നഷ്ടം വളരെ കുറവാകുന്ന വിധത്തിലുമാണ് പാലത്തിന്റെ അലൈന്മെന്റ് തയ്യാറാക്കിയതെന്നും അന്നത്തെ യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ ഉണ്ടായിരുന്നതിന് വ്യത്യസ്ഥമായി പാലം 12 മീറ്റര്‍ വരുമെന്നതിനാല്‍ അപ്രോച്ച് റോഡിന് വേണ്ടി വന്‍ തോതില്‍ വീടുകള്‍ പൊളിക്കേണ്ടി വരുമെന്നു കൂടി വന്നതോടെ പ്രദേശവാസികളില്‍ പാലത്തിന് അനുകൂലവും പ്രതികൂലവുമായ രണ്ട് വിഭാഗം തന്നെ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പാലം 12 മീറ്റര്‍ തന്നെ ആയി വരുന്നത് നാടിന് മൊത്തത്തില്‍ ഗുണമാണെന്നതിനാല്‍ അതിനു വേണ്ടി വരുന്ന നഷ്ടങ്ങളെ സഹിക്കണമെന്നാണ് മറു വിഭാഗത്തിന്റെ വാദങ്ങള്‍. മംഗലശ്ശേരി തോട്ടത്തിലെ പട്ടയം, കക്കാട് കടവിലെ പാലം വിഷയങ്ങളില്‍ ആശങ്ക ദുരീകരിക്കുന്നതിനായി ഈസ്റ്റ് ചേന്ദമംഗല്ലൂരില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട യോഗമാണ് വിഷയത്തില്‍ രണ്ടാമത്തേത്. യോഗത്തില്‍ ആശങ്കകള്‍ ദുരീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ജനവികാരത്തിന്റെ തീവ്രതയും ചൂടും വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. വാര്‍ഡ് മെമ്പര്‍ ഫാത്തിമ കൊടപ്പന ചെയര്‍പേര്‍സണും, കെ പി അഹമ്മദ് കുട്ടി കണ്‍വീനറുമായ 11 അംഗ ഈസ്റ്റ് ചേന്ദമംഗല്ലൂര്‍ വികസന സമിതിയും യോഗത്തില്‍ തീരുമാനിക്കപ്പെട്ടു. അംഗങ്ങളായി മുസ്തഫ പി, വഹാബ് സി കെ, ഒ ശരീഫുദ്ദീന്‍, ഷഫീഖ് മാടായില്‍, പി ടി കുഞ്ഞാലി, രാമദാസന്‍, റഫീഖ് തോട്ടം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പാലത്തിന്റെ സര്‍വെ, ഉദ്യോഗസ്ഥ സന്ദര്‍ശനം തുടങ്ങിയവ കമ്മിറ്റിയുടെ അറിവോടെ നടക്കണം എന്നും ഈ യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ പിന്നീട് നടന്ന പലതും ഈ യോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അവ്യക്തതകള്‍ കൂടി വരികയാണ് പിന്നീട് ഉണ്ടായത്. എഞ്ചിനിയര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, കമ്മിറ്റിയിലെ ഒരാള്‍ മാത്രം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന രീതി വെളിവായി. അതേ സമയം, വാര്‍ഡ് മെമ്പറുടെ പേരില്‍ വ്യാജ വാര്‍ത്ത മുക്കം പ്രസ്‌ക്ലബ്ബില്‍ എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇതോട് കൂടി സി പി, തുര്‍ക്കി മുഹമ്മദ്, ടി കെ റഷീദ്, സുബൈര്‍ കുറുങ്ങോട്ട് എന്നിവരുടെ നേതൃത്തത്തില്‍ സമാന്തര കമ്മിറ്റി നിലവില്‍ വന്നു. 12 മീറ്റര്‍ വീതിയില്‍ പാലം വേണ്ടെന്നും, ഗ്രൗണ്ടും , വീടുകളും സംരക്ഷിക്കുന്ന വിധത്തില്‍ അലൈന്മെന്റ് ശരിപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ഇരു കമ്മിറ്റികളും നിലവില്‍ വന്നതോടെ ഭാവിയെ കുറിച്ച ആശങ്കകള്‍ ചര്‍ച്ച ചെയ്യാനായി ഈ മാസം 26ന് വീണ്ടും പ്രദേശവാസികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഹൈസ്കൂള്‍ റോഡ് : ചേന്ദമംഗല്ല്ലൂര്‍ ഹൈസ്കൂള്‍ റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് 15 ലക്ഷം വകയിരുത്തിയിരുന്നു. ഹയര്‍ സെക്കണ്ടറി സ്കൂളും ഹൈസ്കൂളും സ്ഥിതി ചെയ്യുന്ന കുന്നിലേക്ക് പൊതു ഗതാഗതം സാധ്യമാകുന്ന രീതിയിലായിരുന്നു റോഡ് വികസനം ലക്ഷ്യം വെച്ചിരുന്നത്. ഇപ്പോള്‍ തന്നെ ഓട്ടോ റിക്ഷകള്‍ പോലും ഓടാന്‍ മടികാണിക്കുന്ന പ്രദേശമാണത്. മാത്രവുമല്ല താമസ യോഗ്യമായ പ്രദേശങ്ങളുടെ ലഭ്യതയിലും ഇപ്പോള്‍ മുന്നിട്ടു നില്‍കുന്നത് ഹൈസ്കൂള്‍ കുന്നായതിനാല്‍, വിശാലമായ റോഡ് ഇപ്പോള്‍ സാധ്യമായില്ലെങ്കില്‍ പിന്നീട് ഒരിക്കലും ആവുകയില്ലെന്ന തിരിച്ചറിവാണ് റോഡിന്റെ പിന്നണിയില്‍ പ്രവര്‍ത്തികൂന്നവരുടെ അഭിപ്രായം. പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി, ഇസ്‌ലാഹിയയുടെ കൈവശമുള്ള പ്രദെശങ്ങള്‍ പൊളിച്ചു മാറ്റിയിട്ടുണ്ട്. ഡോക്ട്രര്‍ മുഹമ്മദലിയും സ്ഥലം വിട്ടു നല്‍കിയത് വഴി, നിരവധി അപകടങ്ങള്‍ക്ക് കാരണമായ വളവ് നികത്താനായതും പ്രദേശവാസികളുടെ വികസന പ്രതീക്ഷക്ക് ചിറകു നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനെതിരെ നാട്ടിലെ തന്നെ ചില കോണുകളില്‍ നിന്ന് സര്‍ക്കാറില്‍ പരാതികള്‍ പോയത് പ്രദേശവാസികളില്‍ ഞെട്ടലും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്. ഇസ്ലാഹിയ സ്ഥലം വിട്ടു നല്‍കിയത് വിലക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡിലും, റോഡിനനുവധിച്ച പണം തടയണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിലും ഭരണത്തിന്റെ ആനുകൂല്ല്യം ഉപയോഗിച്ച് ചിലരാണ് പരാതികള്‍ നല്‍കിയിട്ടുള്ളത്. നേരത്തെ ഇസ്ലാഹിയയുടെ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്താല്‍ നിര്‍മിച്ച പൊതു കക്കൂസ് റോഡ് വികസനത്തിന് വേണ്ടി പൊളിച്ചു നീക്കിയതാണ് പരാതിക്കാര്‍ കരുവാക്കുന്നത്. എന്നാല്‍ ഈ രണ്ട് കക്കൂസുകള്‍ക്ക് പകരമായി ഇസ്ലാഹിയ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ഉണ്ട്. ഏതായാലും രണ്ട് 'വികസന' പദ്ധതികള്‍ നാട്ടില്‍ വന്‍വിവാദങ്ങള്‍ക്കാണ് വളമിട്ടിട്ടുള്ളത്. കക്ഷി താല്പര്യങ്ങള്‍ കയറിക്കൂടിയതും ഈ പദ്ധതികള്‍ വിവാദമാവുന്നതിന് കാരണമായിട്ടുണ്ട്. ജനങ്ങള്‍ക്കാവശ്യമുള്ള വികസനം നടപ്പാക്കുക എന്നതിലപ്പുറം, വന്‍പദ്ധതികള്‍ വഴി നേടിയെടുക്കാനാവുന്ന 'മെച്ച'ങ്ങളാണ് പല പദ്ധതികളും പ്രതിഷേധങ്ങള്‍ക്ക് കാരണമാവുന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
|