|
|
ആമുഖം
മദീനാ കാലഘട്ടം ചേന്ദമംഗല്ലൂരിന്റെ 'ഇന്നു'മായി വല്ലാതെ ബന്ധപ്പെട്ട് കിടക്കുന്ന പദമാണ്. മദീനയിലെ കാലമല്ല, ഹിജ്റക്ക് ശേഷമുള്ള എല്ലാം മദീനാ കാലഘട്ടമാണ്. കഷ്ടപ്പെടാതെ ലഭിച്ച 'സുഖം' മഹാ പ്രസ്ഥാനത്തെ തളര്‍ത്തിയ, ധിഷണാ ശാലികളുടെ സാന്നിധ്യം അതിനെ വീണ്ടും വളര്‍ത്തിയ കാലം. നമ്മുടെ മദീനാ കാലത്തോടപ്പം വളര്‍ന്ന മഹാനായിരുന്നു സി.എ എന്ന രണ്ടക്ഷരം. ആ വളര്‍ച്ചയെ സമൂഹത്തിന്റെ മൊത്തത്തിലുള്ള കരുതലായി,ആവേശമായി,മുന്നോട്ട് പോക്കായി സി.എ മാറ്റിയെടുത്തു. അറിവ് പ്രകടിപ്പിക്കലില്‍ പണ്ഡിതരുടെ ദൗത്യം കെട്ടി നിന്നപ്പോള്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുകളിലേക്കുള്ള(അല്ലെങ്കില്‍ താഴേക്കുള്ള) എല്ലാവരെയും ഒരേ വാക്കുകള്‍ കൊണ്ട് കീഴടക്കാന്‍ സി.എ എന്ന പണ്ഡിതന് സാധിച്ചു. സി.എ യുടെ വിളിക്ക് ഉത്തരം നല്‍കാന്‍ അപ്രതീക്ഷിത കോണുകളില്‍ നിന്ന് ആളുകളെത്തി. ഖിയാമുല്ലൈല്‍ മുതല്‍ ഖുര്‍ആന്‍ ക്ലാസുകള്‍ വരെ ജനകീയ പ്രതിഭാസങ്ങളായി. കഴിഞ്ഞു പോയ രണ്ട് പതിറ്റാണ്ടുകളില്‍ ചേന്ദമംഗല്ലൂരിന്റെ ചലന ഗതി മാറ്റിയവരിലെ പ്രമുഖനാണ് സി.എ എന്ന മനസ്സിലാക്കലില്‍ നിന്നാണ് cmronweb ന്റെ ഈ ഉദ്യമം ആരംഭിക്കുന്നത്. സി.എ യെ കുറിച്ച് സംസാരിക്കാന്‍ എല്ലാ മേഖലകളില്‍ നിന്നും ആളുകള്‍ ഉണ്ട് എന്ന ലളിത സത്യമാണ് അനുസ്മരണ പതിപ്പ് എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. തുടര്‍ച്ച ആവശ്യമുള്ള ഒരു തുടക്കം മാത്രമാണിത്. വായനക്കാര്‍ തങ്ങളുടെ സി.എ അറിവുകളും അനുഭവങ്ങളും പങ്കു വെയ്ക്കുന്നതിലൂടെ ഈ ഒരു ആശയത്തിന്‍ സാക്ഷാത്കാരമാവും. എഴുതിത്തെളിഞ്ഞവര്‍ മുതല്‍ എഴുതി നോക്കുന്നവരുടെ വരെ സാന്നിധ്യം ഉണ്ട് ഈ പതിപ്പില്‍.ഒരേ സമയം 'കുറുമ്പനും' സുസ്മേര വദനനുമായ സി.എ യെ കുറിച്ച് പറഞ്ഞ് വെയ്ക്കുന്നുണ്ട് മിക്ക ആളുകളും. അത് തന്നെയാകും ആ ജീവിതത്തിന്റെ വിജയം. ഈ ലക്കത്തിന്റെ ലക്ഷ്യവും. |
|
|