ENGLISH VERSION




ലേഖനങ്ങള്‍
 
>> ഗ്രാമത്തിന്റെ കഥ
>> ചേന്ദമംഗല്ലൂരിന്റെ ശില്പി
>> കുടമണി കെട്ടിയ ഗ്രാമം
>> ചേന്ദമംഗല്ലൂരും ഫുട്ബാളും
>> ഇരുവഴിഞ്ഞിപ്പുഴ കവിഞ്ഞൊഴുകുമ്പോള്

  

   ചേന്ദമംഗല്ലൂര്‍ എന്ന് ഉണ്‍ടായി? ഇങ്ങനെയൊരു ചോദ്യം അപ്രസക്തമാവാം. ചുരുങ്ങിയത് 'പരശുരാമന്‍ വെണ്‍മഴു എറിഞ്ഞു കേരളം കടലില്‍ നിന്ന് ഉയര്‍ന്നു വന്ന ദിവസം' ചേന്ദമംഗല്ലൂര്‍ ഉണ്‍ടായിരിക്കണമല്ലോ. എന്നാല്‍ ലോകത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ ഈ ഭാഗം എന്ന് മുതല്‍ക്കാണ് ചേന്ദമംഗല്ലൂര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്? എ.ഡി. 1815 ല്‍ മൈസൂര്‍ ഭരണാധികാരി മലബാറിലെ കരം പരിവിന് ഏര്‍പ്പെടുത്തിയ പൈമാശി കണക്കുകളിലാണ് ഇന്നത്തെ ചേന്ദമംഗ്ളലൂര്‍ കൃത്യമായി പ്രത്യക്ഷപ്പെട്ടതെന്ന് സ്ഥലനാമ ഗവേഷകനായ എന്‍.എം. നമ്പൂതിരി രേഖപ്പെടുത്തുന്നു.

 പക്ഷേ 'ചെന്നമംഗല്ലൂര്‍' എന്നാണത്രേ അന്ന് പട്ടികയില്‍ എഴുതിവെച്ചത്. അല്ലെങ്കിലും ചേന്ദമംഗല്ലൂരിനെ എങ്ങനെ എഴുതണമെന്ന് ഇന്നും തീര്‍ച്ചയായിട്ടില്ലാത്ത കാര്യമാണ്. ചേന്നമംഗല്ലൂര്‍, ചേന്നമംഗലൂര്‍ എന്നൊക്കെ എഴുതുന്നവരുണ്‍ട്. പൊതുവെ അംഗീകരിക്കപ്പെട്ടത് ചേന്ദമംഗല്ലൂര്‍ ആണെന്ന് പറയാം. 1890 ലെ സെറ്റില്‍മെന്റ് രേഖകളില്‍ കോഴിക്കോട് താലൂക്കിലെ 161.10 നമ്പര്‍ ദേശമായി ചേന്നമംഗല്ലൂര്‍ ഉണ്‍ട്. അന്നത് മണാശ്ശേരി അംശത്തിലെ ചേന്നമംഗല്ലൂര്‍ ദേശമായിരുന്നു. ഇന്ന് അംശം താഴക്കോടാണ്.

ജനസംഖ്യയിലെ മാറ്റം
   1890 ല്‍ ചേന്ദമംഗല്ലൂരില്‍ ജനസംഖ്യ 807 ആയിരുന്നു. 1900 ല്‍ ഇത് 743 ആയി കുറഞ്ഞു. പിന്നീട് ജനസംഖ്യ ക്രാമാനുഗതമായി വര്‍ദ്ധിച്ചുവന്നു. 1971 ലെ സെന്‍സസ് പ്രകാരം 2.73 ച.കി, മീറ്റര്‍ വിസ്തൃതിയുള്ള ഗ്രാമത്തില്‍ 2614 ആയിരുന്ന ജനസംഖ്യ. പ്രതിവര്‍ഷ വര്‍ദ്ധനവ് 5%. ഈ നിരക്ക് അതേപടി തുടര്‍ന്നിരുന്നെങ്കില്‍ 1997 ല്‍ ചേന്ദമംഗല്ലൂരിലെ ജനസംഖ്യ ഒമ്പതിനായിരത്തോളമായി ഉയരേണ്‍ടതാണ്. എന്നാല്‍ 'നാം രണ്‍ട് നമുക്ക് രണ്‍ട്' എന്ന സര്‍ക്കാര്‍ മുദ്രാവാക്യം അക്ഷരം പ്രതിയല്ലെങ്കിലും കഴിഞ്ഞ രണ്‍ടു ദശകങ്ങളില്‍ ചെലുത്തിയ സ്വാധീനം പരിഗണിക്കാതിരിക്കാനാവില്ല. വിശിഷ്യാ സമീപകാലത്ത് ജി.എം.യു.പി സ്കൂളിലെ പ്രൈമറി ക്ളാസുകളില്‍ ഡിവിഷന്‍ ഫാള്‍ നിരന്തരം സംഭവിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു.ഒരു ചെറിയ വിഭാഗം കുട്ടികള്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളെ അഭയം പ്രാപിക്കുന്നത് മാത്രമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് പറഞ്ഞുകൂട.

  ജനസംഖ്യ വര്‍ദ്ധനവിലെ സാമുദായികാനുപാതത്തില്‍ വന്ന ഭീമമായ അന്തരം ശ്രദ്ധേയമാണ്. 1890 ല്‍ 489 ഹിന്ദുക്കള്‍ ഉണ്‍ടായിരുന്നു. 1900ത്തില്‍ 405 ആയി കുറയുകയായിരുന്നു. അതേസമയം മുസ്‌ലിംകള്‍ 316 ല്‍ നിന്ന് 388 ആയി വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജന സംഖ്യ കുറഞ്ഞു വന്നു. ഒറ്റപ്പെട്ട മതപരിവര്‍ത്തനങ്ങളല്ല കാരണമെന്ന് വ്യക്തം. പിന്നെയോ? ആദ്യകാല നിവാസികളില്‍ പ്രബലരായിരുന്ന നമ്പൂതിരിമാരും നായന്‍മാരും ഭൂപ്രഭുത്വം അവസാനിച്ചതോടെ ഇതര മേഖലകളിലേക്ക് കുടിയേറിയപ്പോള്‍, സമീപ ദിക്കുകളില്‍ നിന്ന് മുസ്‌ലിം കുടുംബങ്ങള്‍ ചേന്ദമംഗല്ലൂരിലേക്ക് കടന്നുവരികയാണുണ്‍ടായത്.

  1890 ല്‍ 114 സര്‍വ്വേ നമ്പറുകളിലായി 250 ല്‍ പരം വസ്തു ഖണ്ഡങ്ങളുണ്‍ടായിരുന്നു. ഇതില്‍ 140ല്‍ പരം വസ്തു ഖണ്ഡങ്ങളും നമ്പൂതിരിമാരുടെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലായിരുന്നു. ബാക്കി സിംഹഭാഗവും നായന്‍മാരുടെയും ഉടമസ്ഥതയിലായിരുന്നു. ഹിന്ദുക്കളിലെ അവര്‍ണ്ണര്‍ക്കും മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ടത് ഇരുപതോളം വസ്തു ഖണ്ഡങ്ങള്‍ മാത്രം.
.
   ഇന്ന് സ്ഥിതിയാകെ മാറിയതിനു കാരണം നമ്പൂതിരി ഇല്ലങ്ങളും നായര്‍ തറവാടുകളും കളം മാറിപ്പോയതാവാനാണിട. മറ്റൊരു കൌതുകകരമായ കാര്യം 1890 ലെ രേഖകളനുസരിച്ച് 10 എണ്ണയാട്ട് ചക്കുകളും 10 ചാലിയര്‍ തറികളുമാണ് ഈ പ്രദേശത്തുണ്‍ടായിരുന്നത് എന്നതാണ്. ഇന്നോ? ഒന്നുമില്ല. ചക്കിങ്ങല്‍ എന്ന സ്ഥലനാമം മാത്രമുണ്‍ട്. ചക്കുകാര്‍ ഹിന്ദുക്കളായിരുന്നെങ്കില്‍ അവര്‍ സ്ഥലം വിട്ടുപോയിരിക്കുന്നു. ചാലിയന്‍മാരുടെ കണികപോലുമില്ലതാനും. മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലാക്കിയ കുശവന്‍മാര്‍ ഗ്രാമത്തില്‍ കുറച്ചേറെയുണ്‍ടായിരുന്നതായി സൂചനയുണ്‍ട്. ചെട്ടിയാന്‍തൊടിക എന്ന സ്ഥലനാമം അതിന്റെ ബാക്കിപത്രമാവണം

ഇല്ലായ്മയുടെ കഴിഞ്ഞ കാലം

  ഇരുവഴിഞ്ഞിയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന ചേന്ദമംഗല്ലൂരിന്റെ പഴയകാല സമ്പത് വ്യവസ്ഥ മുഖ്യമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. നെല്ലും തെങ്ങും കമുങ്ങും പരമ്പരാഗത രീതിയില്‍ കൃഷിചെയ്തുവന്ന 40 ശതമാനത്തോളം ഭൂമി ഗ്രാമത്തെ ദാരിദ്രമായെങ്കിലും നിലനിര്‍ത്തി. ഒരങ്കുഴി, മുത്താപ്പുമ്മല്‍, കണക്കുപറമ്പ് ഉള്‍പ്പെടുന്ന കുന്നും ചേന്നാം കുന്നും ആയിപ്പൊറ്റ കുന്നും എടോളിക്കുന്നും ചേര്‍ന്നാല്‍ ചേന്ദമംഗല്ലൂരിന്റെ ആകത്തുകയായി.

  ഈ കുന്നുകളൊക്കെ നിവാസകേന്ദ്രങ്ങളും കൃഷിഭൂമിയാവുന്നത് അത്രയൊന്നും അകലങ്ങളില്ല. ഇരുവഴിഞ്ഞി അനുഗ്രഹമെന്നപോലെ വര്‍ഷകാലത്ത് ശാപമാവാറുണ്‍ട്. പ്രളയങ്ങള്‍ ഒഴിഞ്ഞ കാലമില്ല. കൊല്ലവര്‍ഷം 71 ലെ പ്രളയവും 75 ലെ പ്രളയവുമാണ് പഴമക്കാര്‍ക്ക് ഓര്‍മ്മയുള്ള മഹാസംഭവങ്ങള്‍. അര്‍ദ്ധരാത്രി പൊങ്ങിയ വെള്ളത്തില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്ന കട്ടിലുകള്‍ പുലര്‍ച്ചെ ഒഴുകി നടന്ന കഥ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. എന്റെ അനുഭവത്തില്‍ 1961 ലെ പ്രളയമാണ് റിക്കോര്‍ഡ് തകര്‍ത്തത്. എന്തായാലും ആണ്‍ടില്‍ നാലും അഞ്ചും തവണ ജലത്തില്‍ മുങ്ങിക്കളിക്കാന്‍ ശ്വാശ്വതമായി വിധിക്കപ്പെട്ട അപൂര്‍വ്വ അങ്ങാടി എന്ന സവിശേഷത പുല്‍പ്പറമ്പിന് അവകാശപ്പെട്ടതാണ്.

  കന്നുപൂട്ടും കൈക്കോട്ടുപണിയും പ്ളാവിലെ വെട്ടും മുഖ്യതൊഴിലുകളായ ഒരു ഗ്രാമത്തിന്റെ ദാരിദ്യ്രരേഖ വരക്കുക പ്രയാസമുള്ളതല്ല. കള്ളകര്‍ക്കിടകത്തില്‍ പനമരത്തിന്റെ തടി മുറിച്ച് ഇടിച്ച് ഉണക്കപൊടിയാക്കി കഞ്ഞിവെച്ചും മലയോര കുടിയേറ്റ കേന്ദ്രങ്ങളില്‍ ചേട്ടന്‍മാരുടെ വരവോടെ പ്രചാരം നേടിയ കപ്പ വെട്ടി പുഴിങ്ങി ഛര്‍ദ്ദിച്ചും, മീന്‍പിടിച്ചും കാളപൂട്ടു നടത്തിയും പഴമക്കാര്‍ ജീവിച്ചു. പറമ്പുകളില്‍ സുലഭമായിരുന്ന മാങ്ങയും പേരക്കയും ചക്കയും പുളിയും ചളുങ്ങയും വിലക്കോ ഇല്ലാതെയോ കുട്ടികള്‍ പറിച്ചു തിന്നു വലുതായി. സ്ളൈറ്റും പെന്‍സിലും മഷിക്കുപ്പിയില്‍ മുക്കിയെഴുതുന്ന സ്റീല്‍ പെന്നും പഠനോപകരണങ്ങായി. മുതലാളിമാര്‍ എന്നു പറയാവുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അവര്‍ പോലും മുക്കത്തെ വയലില്‍തറവാട്ടുകാരോടും വാഴക്കാട്ടെ കൊയപ്പത്തൊടിക്കാരോടും താരതമ്യം ചെയ്താല്‍ വെറും കാര്യസ്ഥന്‍മാര്‍. കൊടിയ ദാരിദ്യ്രത്തില്‍ നിന്ന് സമ്പന്നതയിലേക്ക് കുതിച്ചുയര്‍ന്നതിന്റെ പേരില്‍ മത നവോത്ഥാനത്തിന്റെയും വിദ്യാഭ്യാസ വിപ്ളവത്തിന്റെയും ഗള്‍ഫ് പലായനത്തിന്റെ അനിഷ്യേധ്യമായ ചരിത്രമാണ്. അത് മായ്ച്ചു കളയുവാന്‍ വിളറിപിടിച്ചവര്‍ കിണഞ്ഞു ശ്രമിച്ചാലും.

  1900-10 ആണ്‍ടില്‍ ചാലക്കല്‍ കുഞ്ഞോയി കുഞ്ഞിയാണ്‍ടി കുങ്കഞ്ചേരി കുട്ടിയമ്മുവും മഹല്ലിലെ മുസ്ലിങ്ങളില്‍ നിന്ന് പ്രതിഫലം സ്വീകരിച്ച് വഖഫ് ചെയ്ത ഒതയമംഗലം (ഉദയമംഗലം)ജുമുഅത്ത് പള്ളി നിര്‍മ്മിക്കുന്നതോടെയാണ് ചേന്ദമംഗല്ലൂരിന്റെ മതപരമായ കൂട്ടായ്മ ആരംഭിക്കുന്നത്. (അതിനു മുമ്പ് നമ്പൂതിരിമാരുടെ നിയന്ത്രണത്തില്‍ ഒന്നിലേറെ ക്ഷേത്രങ്ങളോ മഠങ്ങളോ ഉണ്‍ടായിരുന്നതായി സൂചനകളുണ്‍െടങ്കിലും മിക്കതും കഥാവശേഷമായി.) കഷ്ടിച്ചു 200-300 പേര്‍ക്ക് നമസ്ക്കരിക്കാവുന്ന ജുമുഅത്ത് പള്ളിയായിരുന്നു തുടക്കത്തില്‍. പരമ്പരാഗത രീതിയില്‍ കാരണവന്‍മാരുടെ ഭരണത്തിലായിരുന്ന പള്ളിക്ക് മഹല്‍വാസികള്‍ യോഗം ചേര്‍ന്ന് ഒരു കമ്മറ്റി രൂപീകരിക്കുന്നത് 1959 ലാണ്. പരേതനായ പാലത്തുമണ്ണില്‍ ഉണ്ണിക്കമ്മു ഹാജിയായിരുന്നു പ്രഥമ പ്രസിഡണ്‍ട്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് അതേവരെ വൈസ് പ്രസിഡണ്‍ടായിരുന്ന കൊയ്യപ്പുറത്ത് കുഞ്ഞഹമ്മദാജി പ്രസിഡണ്‍ടായി. 1985 ല്‍ അദ്ദേഹം നിര്യാതനായപ്പോള്‍ വൈസ് പ്രസിഡണ്‍ട് കെ.സി. അബ്ദുള്ള മൌലവി പ്രസിഡണ്‍ടായി. 1994 വരെയും അദ്ദേഹമായിരുന്നു പള്ളിക്കമ്മറ്റി സാരഥി.

  1985 ല്‍ ഏകദേശം 15 ലക്ഷം രൂപ ചെലവു ചെയ്ത് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ ആണ് 1500 പേര്‍ക്ക് നമസ്കരിക്കാവുന്ന ഗംഭീര ആരാധനാലയമായി പള്ളി പുനര്‍ നിര്‍മ്മിച്ചത്. ഇതിന് പ്രധാനമായും സഹായിച്ചത് ദുബായിലെ മര്‍ഹും ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ആയിരുന്നു എന്നത് നന്ദിപൂര്‍വ്വം അനുസ്മരിക്കണം.

  അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുസ്ലിം സമൂഹത്തെ മോചിപ്പിക്കാന്‍ ഇരുപതുകളില്‍ കേരളത്തില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ അലകള്‍ ഏറെ വൈകാതെ ചേന്ദമംഗല്ലൂരിലും എത്തി എന്നത് എടുത്തുപറയേണ്‍ടതാണ്. ബ്രിട്ടൂഷു ഭരണകാലത്തെ അംശം അധികാരിയും നാടുവാഴിയുമായിരുന്ന എ.എം. കുട്ടിഹസ്സല്‍ ഉല്‍പതിഷ്ണു പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ആദ്യകാല വ്യക്തികളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പിതാവ് പടിഞ്ഞാറുത്തൊടിക കുഞ്ഞാലി മുസലിയാരെ തുടര്‍ന്ന് മഹല്‍ ഖാദിയായി സ്ഥാനമേറ്റ മുഹമ്മദ് സഗീര്‍ മൌലവിയാണ് ഗ്രാമത്തെ പുരോഗമന പന്ഥാവിലേക്ക് നയിക്കുന്നതിന് പ്രധാന പങ്കുവഹിച്ചത്. ഖാദിയും നാട്ടുപ്രമാണിമാരും യാഥാസ്ഥിതികത ഉപേക്ഷിച്ചു ഉല്‍പതിഷ്ണുക്കളാകുക വഴി മഹലില്‍ പരിവര്‍ത്തനം സംഭവിക്കാറില്ലെങ്കിലും ചേന്ദമംഗല്ലൂര്‍ അതിന് അപവാദമായി. വാഴക്കാട് ദാറുല്‍ ഉലുമില്‍ പ്രഗല്‍ഭരായ ഇസ്‌ലാഹി പണ്ഡിതന്‍മാരുടെ സാന്നിധ്യം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുണ്‍ട്.

  നാല്പതുകളില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ ആദ്യമായി എത്തിയ സൌഭാഗ്യവും ചേന്ദമംഗല്ലൂരിന് അപകാശപ്പെടാം. അക്കാര്യത്തിലും മുഹമ്മദ് സഗീര്‍ മൌലവി പിന്നിലായിരുന്നില്ല. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനവുമായുള്ള ബന്ധം തുടരാന്‍ ഖാദി സ്ഥാനം അദ്ദേഹം ബലിയര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഖാദിയായി ചുമതലയേറ്റത് സമാദരണീയനായ ഇസ്‌ലാഹി പണ്ഡിതനും പുളിക്കല്‍ മദീനതുല്‍ ഉലുമിലെ മുന്‍ അധ്യാപകനുമായ എന്‍.കെ. മുഹമ്മദ് മൌലവിയാണ്.. ഇസ്‌ലാഹി പ്രസ്ഥാനത്തില്‍നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കുളള ഗ്രാമത്തിന്റെ ചുവടുമാറ്റത്തിന് സ്വന്തം നിലപാടില്‍ ഉറച്ചു നിന്നുകൊണ്‍ടുതന്നെ സഹിഷ്ണുതാപൂര്‍വ്വം സാക്ഷി നിന്നതാണ് എന്‍.കെ.യുടെ ചരിത്രം.

വിദ്യാഭ്യാസ നവോത്ഥാനം

  മറ്റേത് മുസ്‌ലിം മഹല്ലുകളിലുമെന്നപോലെ ഓത്തുപള്ളികളും തുടര്‍ന്നുവന്ന മദ്റസുകളുമാണ് ചേന്ദമംഗല്ലൂരിലെയും അടിസ്ഥാനസ്ഥാപനങ്ങള്‍. 1918-ല്‍അന്‍സാറുല്ല സംഘം ഗ്രാമത്തില്‍ ആരംഭിച്ച മദ്റസയില്‍ മലയാള ഭാഷാ പഠനം കൂടി ഉള്‍ക്കൊണ്‍ടത് പ്രസ്താവ്യമായ പ്രത്യേകതയാണ്. അന്നൊക്കെ അറബിയും മലയാളവും അല്ലാത്ത അറബി-മലയാളം ആയിരുന്നല്ലോ മദ്റസകളിലെ ഭാഷാ. പരേതനായ ഒടുങ്ങാട്ട് മോയിന്‍ മുസ്ളിയാരും (ചെറുവാടി) അഹമ്മദ്കുട്ടി മാസ്ററും (ചാലിയപ്പുറം) ആയിരുന്നു ആദ്യകാല മദ്റസധ്യാപകര്‍. വെസ്റ് ചേന്ദമംഗല്ലൂരിലെ സ്വന്തം പുരയിടത്തില്‍ കെട്ടിയുണ്‍ടാക്കിയ മദ്റസയില്‍ നീണ്‍ട കാലം ഏകാധ്യാപകനായി തലമുറകളെ മതം പഠിപ്പിച്ച പരേതനായ സി.ടി. കോമുകുട്ടി കാക്കയുടെ നാമവും സാന്ദര്‍ഭികമായി അനുസ്മരിക്കാതെ വയ്യ.

  ഒതയമംഗലം പള്ളി വക കെട്ടിടത്തില്‍ 1926 ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കാഴില്‍ 42 കുട്ടികളോടെ ആരംഭിച്ച എലിമെന്ററി സ്കൂള്‍ ആയിരുന്നു സെകുലര്‍ വിദ്യാഭ്യാസത്തിന്റെ കളിത്തൊട്ടില്‍. പരേതനായ വി.അബ്ദുര്‍റഹ്മാന്‍ മാസ്ററായിരുന്നു പ്രഥമ ഹെഡ്മാസ്റര്‍. 1957 വരെ കാത്തിരിക്കേണ്‍ടിവന്നു സ്കൂള്‍ അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെടാന്‍. 1964 ആര്‍. ശങ്കര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് മന്ത്രിസഭ നിലവിലിരിക്കെ പില്ക്കാലത്ത് ഇസ്‌ലാഹിയാ അസോസിയേഷനില്‍ ലയിച്ച ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ നേടിയെടുത്തതോടെയാണ് ലൌകിക വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഗ്രാമം വഴിത്തിരിവിലെത്തിയത്.

  1967 മുതല്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ നല്‍കി പുറത്തിറക്കികൊണ്‍ടിരിക്കുന്ന ഈ സ്ഥാപനം പോയ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയമടക്കം നേടിയെടുത്തിട്ടുണ്‍ട്. എന്നാല്‍, "റോഡിനരികത്ത് വിധി നടന്നപ്പോള്‍'' 1952 ല്‍ ചേന്ദമംഗല്ലൂരില്‍ ഉയര്‍ന്നുവന്ന കേരളത്തിലെ പ്ഥമ അല്‍മദ്റസതുല്‍ ഇസ്‌ലാമിയ ആണ് സത്യമായും ഗ്രാമത്തിന്റെ ഭാഗധേയം മാറ്റിക്കുറിച്ചത്. മത-മതേതര വിജ്ഞാനീയങ്ങളെ സമന്വയിപ്പിച്ചുകൊണ്‍ട് ആരംഭിച്ച ധീരമായ പരീക്ഷണം 1960 ല്‍ ഇസ്‌ലാമിയ കോളേജ് (1967 മുതല്‍ ഇസ്‌ലാഹിയാ) ആയി വളര്‍ന്നു. ഉയര്‍ന്നു. 1971 ല്‍ ആദ്യമായി കേരളത്തില്‍ ആര്‍ട്സ് & ഇസ്‌ലാമിക് കോഴ്സ് (അകഇ) ആരംഭിച്ച ഈ മഹല്‍ സ്ഥാപനം കക്ഷിഭേദമെന്യ സംസ്ഥാനത്ത് പരക്കെ മാതൃകയായി. ഇതിനകം 20ലതികം ബാച്ചുകളിലായി ബരുദം നേടി പുറത്തിറങ്ങിയവരും അവരുടെ മുന്‍ഗാമികളായ യുവ പണ്ഡിതന്‍മാരും രാജ്യത്തിനകത്തും പുറത്തും നാനാവിധ തുറകളില്‍ പ്രശംസാര്‍ഹമായ സേവനങ്ങള്‍ നിറവേറ്റുന്നു.

  ഭൂപടത്തില്‍ ചേന്ദമംഗല്ലൂരിന്റെ നാമധേയം സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തിയ ഇസ്‌ലാഹിയാ സ്ഥാപനങ്ങളില്‍ എന്തുകൊണ്‍ടും സവിശേഷമാണ്, 1960 ല്‍ കേരളത്തിലെ പ്രഥമ വനിതാ മതസ്ഥാപനമായി ആരംഭിച്ച്, പിന്നീട് ഇസ്‌ലാഹിയാ വനിതാകോളേജായി ഉയര്‍ന്ന മദ്റസതുല്‍ ബനാത്. അവഗണിതരും പീഡിതരുമായ മുസ്ളീം യുവതികളെ അഭ്യസ്തവിദ്യരും സംസ്കാരസമ്പന്നരുമാക്കി മാറ്റിയ മഹദ് വിപ്ളവത്തിന്റെ ദീപസ്തംഭം. ഗ്രാമത്തിന്റെ സാംസ്കാരിക വളര്‍ച്ച വിലയിരുത്തുമ്പോള്‍ സ്മരിക്കേണ്‍ട വേദികളാണ് അമ്പതുകളില്‍ സജീവമായി പ്രവര്‍ത്തിച്ച മുസ്ളീം യുവജനസംഘം. സോഷ്യലിസ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടായിരുന്ന യുവാക്കള്‍ രൂപം നല്‍കിയ യംഗ് മെന്‍സ് അസോസിയേഷന്‍ സിതാര ക്ളബ്, ഇന്നും നിലനില്ക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ യുവജനഗ്രന്ഥാലയം എന്നിവ. ഇവയുടെയൊക്കെ മുന്‍ഗാമിയായിരുന്നു നാട്ടുകാരുടെ പൊതുജന വായനശാല. അതിന്റെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കാനായിരുന്നു ചെറുപ്പക്കാരനായ സി.എച്ച്. മുഹമ്മദ് കോയ ആദ്യമായി ചേന്ദമംഗല്ലൂരില്‍ വന്നത് എന്ന് ഇപ്പോഴും ഓര്‍ക്കുന്നു.

മാറുന്ന മുഖഛായ

  അങ്ങനെ കൊടുംപട്ടിണിയുടെയും ദയനീയമായ അജ്ഞതയുടെയും അപര്യാപ്തമായ നാഗരിക സൌകര്യങ്ങളുടെയും ഇന്നലകളില്‍ നിന്ന്, ദാരിദ്യ്ര രേഖയ്ക്ക് മീതെ 100 % സാക്ഷരതയും, ആധുനിക ഗതാഗത വാര്‍ത്താവിനിമയ സൌകര്യങ്ങളും മണിമേടകളും മത-മതേതര സ്ഥാപനങ്ങളും ഭക്തജനനിബിഡമായ ആരാധനാലയങ്ങളും കൊണ്‍ട് അനുഗ്രഹീതമായ ഇന്നിലേക്ക് ചേന്ദമംഗല്ലൂര്‍ വളര്‍ന്നുകൊണ്‍ടിരിക്കുന്നു. "നല്ല നാട്. പാപങ്ങളേറെ പോറുക്കുന്ന ദൈവം തമ്പുരാനുനും. ഈ മാറ്റത്തിന്റെ വളര്‍ച്ചയുടെ പിന്നില്‍ മറക്കാനാവാത്ത കുറെ നാമങ്ങളുണ്‍ട്. പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കെ.സി. അബ്ദുല്ലാ മൌലവി, നന്‍മയില്‍ സഹകാരികളായി നിന്ന ഉണ്ണിക്കമ്മു ഹാജി, കെ.പി. കുഞ്ഞഹമ്മദുഹാജി, എ.രായിനാജി. ടി.കെ. ഉണ്ണിമോയി ഹാജി, വി. ഉമ്മര്‍ഹാജി, തേവര്‍മണ്ണില്‍ മമ്മി, കാനകുന്നല്‍ മുഹമ്മദ്, സി.കെ. കുഞ്ഞവറാന്‍ ഹാജി, പി.സി. മുഹമ്മദ് സഗീര്‍മൌലവി, കെ.സി. ആര്‍.മുഹമ്മദ്, കെ.ടി.അഹമ്മദുകുട്ടി, കെ.ടി. കുഞ്ഞോലന്‍ കുട്ടി., വി. അബൂബക്കര്‍ (ചെറിയോന്‍) ടി.കെ. ഇസ്മാഈല്‍. കെ.ടി.കെ ഹസന്‍, ഒ. മുഹമ്മദ്, എ.സി. കുഞ്ഞാലി ഹാജി എ.പി. അഹമ്മദുകുട്ടി തുടങ്ങി ഒരുപാട് മനുഷ്യര്‍.

  തങ്ങള്‍ക്ക് ശരിയെന്ന് തോന്നിയതിനോട് സഹകരിച്ചതോടൊപ്പം പ്രതിപക്ഷമായും വേറിട്ട് ശബ്ദിച്ച് നില കൊണ്‍ട കീരന്‍തൊടി മുഹമ്മദ്, എ.എം.സി. മുഹമ്മദ്, ഇടതുപക്ഷ പ്രസ്ഥാനത്തിന് മേല്‍വിലാസമുണ്‍ടാക്കിയ സ: കെ.പി.ആര്‍. മുഹമ്മദ്, പയ്യടി കുഞ്ഞന്‍ നായര്‍, ആറ്റുപുറത്ത് മുഹമ്മദ് കോയ, തിരുത്തിയില്‍ ഗോവിന്ദന്‍നായര്‍ സാമുദായിക സൌഹാര്‍ദത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന എ.എം. കുഞ്ഞിമുഹമ്മദ്, ആംഗലഭാഷയോട് ഗ്രാമത്തെ ബന്ധിപ്പിച്ച കാഞ്ഞിരത്തൊടി മമ്മുക്ക (മുഹമ്മദ് കോയ) ജീവിച്ച് കൊതി തീരും മുമ്പേ അറ്റുപോയ ഒ.ഉമര്‍, ചുണ്‍ടു എന്ന എം.കെ. അബ്ദുല്ല, എ.കെ. അബ്ദുല്‍ ഖാദര്‍ മാസ്റര്‍ അങ്ങനെ അങ്ങനെ ഒത്തിരി പേരുകള്‍.

കടപ്പാട് : നന്‍മ കാക്കുന്ന നാട് കാമ്പയിന്‍ സപ്ളിമെന്റ്

O . Abdurahiman about chennamangallur(chennamangaloor) history
2009 cmr on web chennamangallur history, chennamangaloor history , O abdurahiman